അഡ്‌ലൈഡ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന മലയാളി ബിൽഡർ ബിജു ജോസഫ് കാവില്‍പ്പുരയിടം കെട്ടിടനിർമ്മാണ പദ്ധതികളിൽ വ്യാജ രേഖകൾ നൽകി ഉപഭോക്തക്കളെ വഞ്ചിച്ചതായി സൗത്ത് ഓസ്‌ട്രേലിയ ജില്ലാ കോടതി കണ്ടെത്തി.
ഇതിന് പിന്നാലെ പ്രതിയെ കോടതി ജയിൽ ശിക്ഷയ്ക്ക് വിധിച്ചു.
ബിജു ജോസഫ് കാവില്‍പ്പുരയിടത്തിന് രണ്ട് വർഷവും എട്ട് മാസവും 13 ദിവസവും ജയിൽ ശിക്ഷയ്ക്ക് വിധിച്ചതായി കോടതി വ്യക്തമാക്കി.
പതിനെട്ട് മാസത്തിന് ശേഷമാണ് പരോൾ അനുവദിക്കുക.
പതിനെട്ട് സാഹചര്യങ്ങളിൽ വ്യാജ രേഖകൾ ഉപയോഗിച്ചതായി ബിജു കോടതിയോട് കുറ്റം സമ്മതിച്ചു.
കെട്ടിടനിർമ്മാണ പദ്ധതികളിൽ വ്യാജ രേഖകൾ ഉപയോഗിച്ചതായുള്ള കേസിൽ ബിജു ആദ്യം കുറ്റം നിഷേധിച്ചിരുന്നു.
ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഫെറിഡന്‍ പാര്‍ക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ഫെന്‍ബ്രീസ് ഹോംസ് 2017ൽ പാപ്പരായി പ്രഖ്യാപിച്ചിരുന്നു.
സ്വന്തം സമൂഹത്തിലുള്ളവരുടെ വിശ്വാസം ബിജു മുതലെടുത്തതായി കോടതി നിരീക്ഷിച്ചു.
ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവരുടെ വീട് സ്വന്തമാക്കുക എന്ന ലക്ഷ്യത്തെയാണ് ബിജുവിന്റെ പ്രവൃത്തികൾ ബാധിച്ചതെന്ന് ജഡ്ജ് പോൾ സ്‌ലേറ്ററി ചൂണ്ടിക്കാട്ടി.
ഫെന്‍ബ്രീസ് ഹോംസ് ഉപഭോക്താക്കൾക്ക് വ്യാജ ഇൻഡെംനിറ്റി ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നൽകിയതായി കോടതി കണ്ടെത്തി.
ഇതേതുടർന്ന് നിരവധി വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടതായി പോലീസി വ്യക്തമാക്കിയിരുന്നു.
വ്യാജ ഇൻഡെംനിറ്റി സർട്ടിഫിക്കറ്റ് നൽകിയത് കാരണം ഉപഭോക്താക്കൾക്ക് നിർമ്മാണം പൂർത്തിയാക്കത്തതിന്റെ പേരിൽ പണം തിരികെ ആവശ്യപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നതായി പോലീസ് ചൂണ്ടിക്കാട്ടി.
സൗത്ത് ഓസ്‌ട്രേലിയ കണ്‍സ്യൂമര്‍ ആന്റ് ബിസിനസ് സര്‍വീസ് (CBS) 2017 ഒക്ടോബറില്‍ ബിജുവിന്റെ ബില്‍ഡര്‍ ലൈസന്‍സ് റദ്ദാക്കിയിരുന്നു.