കാസർകോട് >കാസർകോട് പെരിയ കേന്ദ്ര സർവകലാശാലയിൽ വനിതാ ദിന പരിപാടിക്ക് മുഖ്യാതിഥിയായി എത്തിയ ആർഎസ്എസ നേതാവ് ഗുന്ത ലക്ഷ്മണിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച എസ്എഫ്എ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
കാസർകോട് പെരിയ കേന്ദ്ര സർവകലാശാലയിൽ നടക്കുന്ന വനിതാദിനാചരണത്തിന് മുഖ്യാതിഥിയായി എത്തിയത് മുൻ എബിവിപി നേതാവും അഖിലേന്ത്യാ ജോയിന്റ് ഓർഗനൈസിങ് സെക്രട്ടറിയായിരുന്ന ഗുന്ത ലക്ഷ്മണാണ് . ഇദ്ദേഹത്തെ കാമ്പസിൽ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു. ചൊവ പുലർച്ചെ നാലിന് കാമ്പസിലെത്തിയ ഗുന്ത ലക്ഷ്മണെ വൻ പൊലീസ് സന്നാഹത്തിലാണ് പരിപാടിക്ക് എത്തിച്ചത്.
സംഘപരിവാർ പോഷക സംഘടനയായ അഖിൽ ഭാരതീയ രാഷ്ട്രീയ ശിക്ഷൺ മണ്ഡലിന്റെ പ്രതിനിധിയായാണ് ഗുന്ത ലക്ഷ്മൺ എത്തിയത്. കാമ്പസിലെ ഉന്നതനുമായുള്ള വഴിവിട്ട സൗഹൃദത്തിന്റെ ഭാഗമായാണ് ഇദ്ദേഹത്തെ എത്തിക്കുന്നതെന്ന ആരോപണവും സജീവമാണ്. ജനപ്രതിനിധിയോ അക്കാഡമീഷ്യനോ അല്ലാത്ത ഒരാളെ കാമ്പസിൽ അതിഥിയായി എത്തിക്കുന്നതിൽ ഒരുവിഭാഗം ജീവനക്കാരും വിദ്യാർഥികളും പ്രതിഷേധമുയർത്തി.
ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റും ചടങ്ങിൽ സംസാരിച്ചു. മറ്റു രാഷ്ട്രീയ പാർടികൾക്കും ജനപ്രതിനിധികൾക്കും വരെ വിലക്ക് ഏർപ്പെടുത്തുന്ന സർവകലാശാലയിൽ സംഘപരിവാർ നേതാക്കളെ ആനയിച്ചുകൊണ്ടുവരുന്നതിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് എസ്എഫ്ഐ കുറ്റപ്പെടുത്തി.
പ്രതിഷേധത്തിന് നേതൃത്വം നൽകിയ എസ് എഫ് ഐ ജില്ലാ സെക്രട്ടറി ബിവിൻ രാജ് പായം, പ്രസിഡൻ്റ് കെ സിദ്ധാർഥ് എന്നിവരടക്കമുള്ള എസ്എഫ്ഐ പ്രവർത്തകര പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.