R സീരിസിലുള്ള പുതിയ പാസ്പോർട്ടുകളാണ് 2023ൽ ഓസ്ട്രേലിയയിൽ പുറത്തിറക്കിയത്. പുതിയ സുരക്ഷാ ഫീച്ചറുകളുള്ള പാസ്പോർട്ടാണ് ഇത്.
പത്തു വർഷത്തേക്കുള്ള പാസ്പോർട്ടിന് 325 ഡോളറാണ് പുതി ഫീസ്.
കഴിഞ്ഞ വർഷം 308 ഡോളറായിരുന്ന ഫീസാണ്, 2023 ജനുവരി ഒന്നു മുതൽ 325 ഡോളറായി വർദ്ധിച്ചത്.
സമാനമായ കരുത്തുള്ള പാസ്പോർട്ടുകളുടെ ഇരട്ടിയോ അതിലധികമോ ആണ് ഓസ്ട്രേലിയൻ പാസ്പോർട്ടിന്റെ ഇപ്പോഴത്തെ ഫീസ്.
ഏറ്റവും പുതിയ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പ്രകാരം 185 രാജ്യങ്ങളിലേക്കാണ് ഓസ്ട്രേലിയൻ പാസ്പോർട്ടുമായി വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്നത്. ലോകത്തെ ഏറ്റവും കരുത്തേറിയ പാസ്പോർട്ടുകളിൽ എട്ടാം സ്ഥാനത്താണ് ഇത്.
എട്ടാം സ്ഥാനത്തു നിൽക്കുന്ന മറ്റു പാസ്പോർട്ടുകൾ കാനഡ, മാൾട്ട, ഗ്രീസ് എന്നിവയുടേതാണ്.
പത്തു വർഷത്തെ കനേഡിയൻ പാസ്പോർട്ടിന് 172 ഓസ്ട്രേലിയൻ ഡോളറും, മാൾട്ടീസ് പാസ്പോർട്ടിന് 122 ഡോളറും, ഗ്രീക്ക് പാസ്പോർട്ടിന് 130 ഡോളറുമാണ് ഫീസ്.
എന്തുകൊണ്ട് വിലയേറുന്നു?
നാണയപ്പെരുപ്പത്തിന് അനുസൃതമായാണ് ഓസ്ട്രേലിയൻ പാസ്പോർട്ടിന്റെ ഫീസ് കൂടുന്നത്.
അതോടൊപ്പം, പുതിയ പാസ്പോർട്ടിലെ സുരക്ഷാ ഫീച്ചറുകളും ഫീസ് വർദ്ധനവിന് കാരണമാകുന്നു എന്നാണ് യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ അഡ്ജംക്ട് ഫെല്ലോ ഡേവിഡ് ബിയെർമാൻ ചൂണ്ടിക്കാട്ടുന്നത്.
തിരിച്ചറിയൽ വിവരങ്ങളുടെ മോഷണവും, വ്യാജ പാസ്പോർട്ടുകളുമെല്ലാം തടയുന്നത് ലക്ഷ്യമിട്ടുള്ള ഫീച്ചറുകളാണ് പുതിയ ഓസ്ട്രേലിയൻ പാസ്പോർട്ടിലുള്ളത്.
2014 മുതൽ നിലവിലുള്ള P സീരീസ് പാസ്പോർട്ടിന് പകരം കൊണ്ടുവന്ന R സീരീസിലാണ് ഈ സംവിധാനങ്ങൾ.
അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് ആധികാരികത പരിശോധിക്കാനുള്ള സംവിധാനവും, നിറം മാറുന്ന ഗോൾഡൻ വാട്ട്ൽ പൂക്കളുമെല്ലാം പുതിയ പാസ്പോർട്ടിലുണ്ട്.
മാത്രമല്ല, കൊവിഡ് കാലത്തിനു ശേഷം പാസ്പോർട്ട് പുതുക്കുന്നവരുടെ എണ്ണം കുതിച്ചുയർന്നു. 2022ൽ 26 ലക്ഷം ഓസ്ട്രേലിയൻ പാസ്പോർട്ടുകളാണ് നൽകിയത്.
സർക്കാർ ഖജനാവിലേക്ക് വരുന്ന നല്ലൊരു വരുമാനവുമാണ് ഇതെന്ന് ഡേവിഡ് ബിയെർമാൻ ചൂണ്ടിക്കാട്ടി.
കടപ്പാട്: SBS മലയാളം