വീടിൻ്റെ പറമ്പിൽ വളരെ സുലഭമായി ലഭിക്കുന്നതാണ് പപ്പായ. ഒരു ചിലവുമില്ലാതെ വളരുന്ന പപ്പായ പലപ്പോഴും പഴുത്ത് താഴെ വീണ് പോകാറാണ് പതിവ്. ചിലരെങ്കിലും പഴുത്തതും പച്ചയുമായ പപ്പായ എടുത്ത് കറി വയ്ക്കാനും കഴിക്കാനുമൊക്കെ ഉപയോഗിക്കാറുണ്ട്. പഴുത്ത് പപ്പായ നല്ല ആരോഗ്യത്തിനും അതുപോലെ മുഖ സൗന്ദര്യത്തിനുമൊക്കെ ഏറെ ഗുണം ചെയ്യാറുണ്ട്. പപ്പായയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാമെങ്കിലും അതിൻ്റെ വിത്തിനും ഗുണങ്ങളുണ്ടെന്ന് പലർക്കുമറിയില്ലെന്നതാണ് സത്യം. ജ്യൂസ് രൂപത്തിലും അല്ലാതെയും പപ്പായ കഴിച്ച് അതിൻ്റെ കുരു കളയുന്നതാണ് പലരുടെയും പതിവ് രീതി. പക്ഷെ ഈ വിത്തുകൾക്കും ഏറെ ആരോഗ്യ ഗുണങ്ങളുണ്ടെന്നതാണ് സത്യം. നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ എന്നിവയുടെ നല്ല ഉറവിടമാണ് പപ്പായ വിത്തുകൾ (papaya seeds). കൂടാതെ, അവയിൽ സിങ്ക്, ഫോസ്ഫറസ്, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. വാസ്തവത്തിൽ, പപ്പായ വിത്തിൽ ഗണ്യമായ അളവിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഒലിക് ആസിഡ്, പോളിഫെനോൾസ്, ശക്തമായ ആന്റി ഓക്‌സിഡന്റുകളായ ഫ്ലേവനോയ്ഡുകൾ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഈ പോഷകമൂല്യങ്ങളെല്ലാം നിങ്ങളുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും രോഗങ്ങളെ അകറ്റുന്നതിനും സഹായിക്കുന്നതാണ്.