ആഭ്യന്തര ഫണ്ടുകൾ പതിനായിരം കോടിയുടെ നിഷേപത്തിന് കാണിച്ച ഉത്സാഹം ഓഹരി സൂചികയുടെ തിരിച്ചു വരവിന് അവസരം ഒരുക്കി. വർഷാരംഭത്തിലെ ആദ്യ വാരത്തിൽ നേരിട്ട തിരിച്ചടിയുടെ ക്ഷീണം മാറ്റുകയെന്ന ലക്ഷ്യത്തിലാണ് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ രണ്ടും കൽപ്പിച്ചുള്ള നിക്ഷേപങ്ങൾക്ക് രംഗത്ത് ഇറങ്ങിയത്. ബി എസ് ഇ സുചിക 360 പോയിന്റ്റും എൻ എസ് ഇ 97 പോയിന്റ്റും കഴിഞ്ഞവാരം വർദ്ധിച്ചു.
കോർപ്പറേറ്റ് മേഖല പുറത്തുവിട്ട ത്രൈമാസ റിപ്പോർട്ടുകളുടെ തിളക്കം പുതിയ വാങ്ങലുകൾക്ക് ഓപ്പറേറ്റർമാരെ പ്രേരിപ്പിച്ചു. പണപ്പെരുപ്പം കുറയുമെന്ന സൂചനകളും ഈവസരത്തിൽ നിക്ഷേപകരെ ആകർഷിച്ചു. ആഭ്യന്തര ഫണ്ടുകൾ മുൻ നിര ടെക്നോളജി, സ്റ്റീൽ വിഭാഗം ഓഹരികൾ വാങ്ങി. ആഭ്യന്തര ഫണ്ടുകൾ 10,043 കോടി രൂപ പോയവാരം നിക്ഷേപിച്ചു. ആറ് മാസത്തിനിടയിൽ ഇത്ര ശക്തമായ ബയ്യിങ് അപൂർവം. പിന്നിട്ട രണ്ടാഴ്ച്ചകളിൽ അവർ വിപണിയോട് കാണിച്ച താൽപര്യം വരും ആഴ്ച്ചകളിലും നിലനിർത്തിയാൽ നിഫ്റ്റി 18,600 നും സെൻസെക്സ് 62,000 ലും ഇടം പിടിക്കാം.
ബോംബെ സെൻസെക്സ് 59,900 ൽ നിന്നും നേട്ടതോടെയാണ് വ്യാപാരം ആരംഭിച്ചത്. മുൻവാരം സുചിപ്പിച്ച 60,900 ലെ പ്രതിരോധം തകർത്ത് 60,938 വരെ ഉയർന്ന വേളയിൽ വിൽപ്പനകാർ സംഘടിതമായി രംഗത്ത് ഇറങ്ങിയതോടെ 59,628 പോയിന്റ്റിലേയ്ക്ക് ഇടിഞ്ഞങ്കിലും വാരാന്ത്യം താഴ്ന്ന റേഞ്ചിൽ നിന്നും 60,261 ലേയ്ക്ക് തിരിച്ച് വരവ് കാഴ്ച്ചവെച്ചു. വിപണി 60,923 ലേയ്ക്ക് ചുവടുവെക്കാൻ ഈവാരം നടത്തുന്ന ശ്രമം വിജയിച്ചാൽ അടുത്ത ലക്ഷ്യം 61,585 പോയിന്റ്റാണ്. ഇതിനിടയിൽ പ്രതികൂല വാർത്തകൾ നിക്ഷപകരെ സ്വാധീനിച്ചാൽ 59,61358,965 ലേയ്ക്ക് സാങ്കേതിക തിരുത്തലിന് ഇടയുണ്ട്.
നിഫ്റ്റി 17,774- 18,141 റേഞ്ചിൽ പിന്നിട്ടവാരം സഞ്ചരിച്ചു. ഉയർന്നതലത്തിൽ വിൽപ്പനക്കാർ ലാഭമെടുപ്പിന് മത്സരിച്ചെങ്കിലും വാരാന്ത്യം സൂചിക 17,956 ലാണ്. വിൽപ്പന സമ്മർദ്ദത്തിൽ 17,600 ലെ സപ്പോർട്ട് നിലനിർത്തിയത് പ്രദേശിക ഇടപാടുകാരുടെ ആത്മവിശ്വാസം ഉയർത്തി.
വിനിമയ വിപണിയിൽ ഡോളറിന് മുന്നിൽ രൂപ മികവിലാണ്. രൂപയുടെ മൂല്യം 81.71 ൽ നിന്നും 81.34 ലേയ്ക്ക് ശക്തിപ്രാപിച്ചു. ഈവാരം രൂപ 80.99-81.86 റേഞ്ചിൽ നീങ്ങാം. ഇൻഫോസീസ് ഡിസംബറിൽ അവസാനിച്ച മൂന്ന് മാസത്തിൽ മികച്ച പ്രകടനത്തിലുടെ അറ്റായം 13.4 ശതമാനം ഉയർത്തി. മൂന്നാം പാദത്തിൽ എച്ച് സി എൽ ടെക് വരുമാനം 19 ശതമാനം വർധിച്ച് 4096 കോടി രൂപയായി. റ്റി സി എസ് മൂന്ന് മാസകാലയളവിൽ 9959 കോടി രൂപയുടെ ലാഭം നേടി.
ഡോളർ സൂചിക തളർച്ചയിലാണ്. ജനുവരി ആദ്യം 105 പോയിന്റ്റിൽ നീങ്ങിയ സൂചികയിപ്പോൾ 101 ലേയ്ക്ക് അടുത്തു. യു എസ് ഫെഡ് റിസർവ് പല ആവർത്തി പലിശ നിരക്ക് ഉയർത്തിയിട്ടും ഡോളറിന് തിരിച്ചടിനേരിടുന്നത് കണ്ട് ഒരു വിഭാഗം ഫണ്ടുകൾ സ്വർണത്തിലേയ്ക്ക് ചുവട് മാറ്റി ചവിട്ടി. ന്യുയോർക്കിൽ ഔൺസിന് 1865 ഡോളറിൽ നിന്നും മുൻവാരം സൂചിപ്പിച്ച 1924 ഡോളറിലെ പ്രതിരോധ മേഖലയിലേയ്ക്ക് ഉയർന്ന ശേഷം ക്ലോസിങിൽ 1920 ഡോളറിലാണ്.
വർഷത്തിന്റ ആദ്യ വാരത്തിൽ വിദേശ നാണയ കരുതൽ ശേഖരം ചോർന്നു. പുതു വർഷത്തിന്റ്റ തുടക്കത്തിൽ പോലും തകർച്ചയെ തടയാൻ ധനമന്ത്രായത്തിനായില്ല. ജനുവരി ആറിന് അവസാനിച്ച വാരം കരുതൽ ധനം 1.268 ബില്യൺ ഡോളർ കുറഞ്ഞ് 561.583 ബില്യൺ ഡോളറായി.