മനാമ > സൗദിയുമായി ഇന്ത്യ ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പുവെച്ചു. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് 1,75,025 പേര്‍ക്കാണ് അനുമതി.
സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മുശാത്തും ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഷാഹിദ് ആലമുമാണ് കരാര്‍ ഒപ്പിട്ടത്. കിംഗ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റിക്ക് സമീപത്തെ ജിദ്ദ സൂപ്പര്‍ ഡോമില്‍ നടക്കുന്ന എക്സ്പോയിലാണ് ഹജ്ജ് കരാര്‍ ഒപ്പുവെച്ചത്.
കോവിഡിന് മുന്‍പ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 1,75,000 ആയിരുന്നു. അത് വീണ്ടും പുനസ്ഥാപിച്ചിരിക്കയാണ് ഈ വര്‍ഷം, ഇന്ത്യയില്‍ നിന്ന് കഴിഞ്ഞ തവണ 79,237 തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിച്ചത്.
കോവിഡിന് മുന്‍പ് മൊത്തം 25 ലക്ഷത്തോളം തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിച്ചു. എന്നാല്‍, കോവിഡ് കാരണം 2020, 2021 വര്‍ഷങ്ങളില്‍ സൗദിക്ക് പുറത്തുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജിന് അനുമതിയുണ്ടായിരുന്നില്ല. സൗദിയില്‍ കഴിയുന്ന സ്വദേശി, വിദേശികള്‍ക്ക് മാത്രമായിരുന്നു അനുമതി. കഴിഞ്ഞ വര്‍ഷം നിയന്ത്രണങ്ങളോടെ സൗദിക്ക് അകത്തുനിന്നും പുറത്തുനിന്നുമായി 10 ലക്ഷം തീര്ഥാടകര്ക്കായിരുന്നു അനുമതി.
ഹജ്ജ് എക്സ്പോയില്‍ 43 രാജ്യങ്ങളുമായി ഹജ്ജ് കരാര്‍ ഒപ്പിട്ടു. ഓരോ രാജ്യങ്ങള്‍ക്കുമുളള ഹജ്ജ് ക്വാട്ട, ഈ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ സൗദിയില്‍ പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യേണ്ട അതിര്‍ത്തി പോസ്റ്റുകള്‍, യാത്ര സൗകര്യങ്ങള്‍, ഹജ്ജ് സംഘാടനവുമായി ബന്ധപ്പെട്ട പ്രധാന നടപടിക്രമങ്ങള്‍, തീര്‍ത്ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഹജ്ജ് കരാര്‍. ഹജ്ജ് എക്സ്പോ വ്യാഴാഴ്ച സമാപിക്കും.