ചെന്നൈ
തമിഴ്നാട്ടില്‍ നയപ്രഖ്യാപനത്തിനു പിന്നാലെ ദേശീയഗാനത്തിനു കാത്തുനില്‍ക്കാതെ ഗവർണർ ആർ എൻ രവി നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. സർക്കാർ എഴുതിനൽകിയ നയപ്രഖ്യാപന പ്രസംഗമല്ല ഗവർണർ വായിച്ചതെന്നും ഗവർണർ കൂട്ടിച്ചേർത്തത് രേഖയില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അവതരിപ്പിച്ച പ്രമേയം സഭ കൈയ്യടിച്ച് അംഗീകരിച്ചതോടെയാണിത്.
നയപ്രഖ്യാപനത്തിലെ ചില സുപ്രധാന ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാന്‍ കൂട്ടാക്കിയില്ല. മതനിരപേക്ഷതയെക്കുറിച്ചും പെരിയാർ, അംബേദ്കർ, കാമരാജ്, അണ്ണാദുരൈ, കരുണാനിധി തുടങ്ങിയവരെക്കുറിച്ചും പരാമർശിക്കുന്ന ഭാഗങ്ങൾ ഗവർണർ ഒഴിവാക്കി. പിന്നാലെയാണ് സ്റ്റാലിൻ ഇടപെട്ടത്. ഗവർണറുടെ നടപടി നിയമസഭാ പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. സിപിഐ എം, സിപിഐ, കോൺഗ്രസ്, വിടുതലൈ ചിരുതൈഗൽ കച്ചി (വിസികെ) തുടങ്ങിയ കക്ഷികള്‍ ഗവർണറുടെ നയപ്രഖ്യാപനം നേരത്തെ ബഹിഷ്കരിച്ചിരുന്നു. തമിഴ്നാടിന്റെ പേര് മാറ്റി “തമിഴകം’ എന്നാക്കണമെന്ന ഗവർണറുടെ മുൻ പരാമർശം നയപ്രഖ്യാപനത്തിൽ വിശദീകരിക്കാൻ അദ്ദേഹം ശ്രമിച്ചതോടെയാണിത്.
ഗവർണർക്കെതിരെ ഡിഎംകെ അംഗങ്ങൾ ഉൾപ്പെടെ മുദ്രാവാക്യം മുഴക്കി. ആർഎസ്എസ് ആശയങ്ങൾ അടിച്ചേൽപ്പിക്കരുത്, ക്വിറ്റ് തമിഴ്നാട് ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങളാണ് സഭയില്‍ ഉയര്‍ന്നത്. സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാന്‍ ഉദ്ദേശിക്കുന്ന ബില്‍ അടക്കം 21 ബില്ലില്‍ തീരുമാനം എടുക്കാതെ ഗവര്‍ണര്‍ പിടിച്ചുവച്ചിരിക്കുകയാണ്.