മെൽബൺ: ഓസ്ട്രേലിയയിൽ എക്സ്ബിബി.1.5 എന്ന് വിളിക്കപ്പെടുന്ന കൊവിഡ് വൈറസിന്റെ പുതിയ വക ഭേദം കണ്ടെത്തി.
ഈ വകഭേദം കോവിഡിന്റെ തീവ്രവ്യപനത്തിന് കാരണമാകും എന്നതിനാൽ രാജ്യത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
മുമ്പ് അമേരിക്കയിൽ കണ്ടുവന്നിരുന്ന വകഭേദത്തെയാണ് ഇപ്പോൾ ഓസ്ട്രേലിയയിലും സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണിന്റെ മറ്റൊരു വകഭേദമായ എക്സ്ബിബി.1.5 മറ്റ് ഉപ വകഭേദങ്ങളെക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ളതാണ്.
വളരെ പെട്ടെന്ന് പടര്ന്നുപിടിക്കുന്നതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വകഭേദം അമേരിക്കയിൽ ഉടനീളം അതിവേഗം വ്യാപിച്ചു. ഇപ്പോൾ ഓസ്ട്രേലിയയിലും ഇത്തരത്തിലുള്ള വളരെ കുറച്ച് കേസുകൾ ഉയർന്നുവരുന്നിട്ടുണ്ട്.
ഇതുവരെ, ഓസ്ട്രേലിയയിൽ എക്സ്ബിബി.1.5 ന്റെ എട്ട് കേസുകൾ കണ്ടെത്തി. എക്സ്ബിബി.1.5 ലെ ഫെഡറൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഡാറ്റ കാണിക്കുന്നത് ജനുവരി 3 വരെയുള്ള കണക്കനുസരിച്ച് ഓസ്ട്രേലിയയിൽ ഈ വകഭേദത്തിന്റെ സാന്നിധ്യം 1 ശതമാനത്തിൽ താഴെ മാത്രമാണ്.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കോവിഡ് സാങ്കേതിക മേധാവി മരിയ വാൻ കെർഖോവ് ഈ വകഭേദത്തെ “ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ പ്രസരണം ചെയ്യാവുന്ന ഉപ വകഭേദം” എന്നാണ് വിശേഷിപ്പിച്ചത്.
എങ്കിലും മറ്റ് തരത്തിലുള്ള കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് ഇത് കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുമെന്ന് ഇതുവരെ സൂചനകളൊന്നുമില്ല. മാത്രമല്ല ഇതിന്റെ ആഘാതം എത്രത്തോളം രൂക്ഷമാകുമെന്ന് അറിയാൻ മതിയായ രേഖകളും ഇതുവരെ ലഭ്യമായിട്ടില്ല.
പുതിയ ഉപവകഭേദത്തെ താൻ ‘എക്സ്ട്രാ ബാഡ് ബോയ്’ എന്ന് വിശേഷിപ്പിക്കുമെന്നും സിഡ്നി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ റോബർട്ട് ബൂയ് വ്യക്തമാക്കി.
പുതിയ വകഭേദം എക്കാലത്തെയും മോശമായ വേരിയന്റ് ആണെന്ന വിലയിരുത്തലുകൾ ഉണ്ടെങ്കിലും ഇത് മുൻപുണ്ടായിരുന്നതിനേക്കാൾ അപകടശേഷി കുറഞ്ഞതാണെന്നാണ് പ്രൊഫസർ റോബർട്ട് ബൂയുടെ വിലയിരുത്തൽ.
വ്യാപന ശേഷി കൂടുതലാണെങ്കിലും എക്സ്ബിബി.1.5 മറ്റ് വകഭേദങ്ങളെ പോലെ കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾക്ക് കാരണമാകുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.