ദുബായ്> 2023 നെ വരവേറ്റുകൊണ്ട് വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളാണ് പുതുവത്സര രാത്രിയിൽ യുഎഇയിൽ അരങ്ങേറിയത്. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും കരിമരുന്ന് പ്രയോഗങ്ങളും വിവിധ പരിപാടികളും കെങ്കേമമായി നടന്നു. മഹാമാരിയുടെ കയത്തിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കി വളർച്ചയുടെ പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറുന്ന യുഎഇ ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയാണ്. ഒട്ടേറെ വികസന പദ്ധതികളാണ് 2023ൽ യുഎഇ ആസൂത്രണം ചെയ്തിരിക്കുന്നത്. നിയമങ്ങൾ ഒട്ടേറെ പരിഷ്കരിക്കപ്പെട്ടു. അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടി ഈ വർഷം യുഎഇയിലാണ് നടക്കുന്നത് എന്ന് പ്രത്യേകത കൂടി യുഎഇയെ സംബന്ധിച്ചിടത്തോളം 2023ന് ഉണ്ട്.
ലോകരാജ്യങ്ങൾ തിരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ദുബായ്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള പുതുവത്സര ആഘോഷങ്ങൾ ഏറ്റവും ഗംഭീരമായി നടത്തുന്നതിന് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി ആളുകളാണ് യുഎഇയിൽ എത്തിയിരിക്കുന്നത്. ഇവരെ സ്വീകരിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കി കാത്തിരിക്കുകയാണ് രാജ്യം.
മൂന്നു ഗിന്നസ് റെക്കോർഡുകളാണ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ യു എ ഇ സ്വന്തമാക്കിയത്. മുപ്പതോളം സ്ഥലങ്ങളിലാണ് കരിമരുന്ന് പ്രകടനം നടന്നത്. ബുർജ് ഖലീഫ, ഗ്ലോബൽ വില്ലേജ്, എക്സ്പോ സിറ്റി, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ അറ്റ്ലാന്റീസ്, പാം ബീച്ച്, ബ്ലൂ വാട്ടേഴ്സ് ഐലൻഡ്, അൽസീഫ്, ജുമൈറ ബീച്ച്, ബുർജ് അൽ അറബ്, പാം ജുമൈറ, ബാബ് അൽ ഷംസ്, പാർക്ക് ഹയാത്ത് എന്നീ പ്രധാന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള മുപ്പതോളം സ്ഥലങ്ങളിലാണ് വർണ്ണാഭമായ കരിമരുന്ന് പ്രയോഗങ്ങൾ നടന്നത്. ദുബായ് ഗ്ലോബൽ വില്ലേജിൽ ഓരോ രാജ്യത്തേയും പുതുവത്സര സമയത്ത് പ്രത്യേകം പ്രത്യേകം കരിമരുന്ന് പ്രകടനങ്ങൾ ഉണ്ടായിരുന്നു. യുഎഇ സമയം രാത്രി 8:00 മണിക്കാണ് ഫിലിപ്പൈൻസിലെ പുതുവർഷ പിറവി സമയം. ആ സമയം മുതൽ ഗ്ലോബൽ വില്ലേജിൽ ആഘോഷ പരിപാടികൾ ആരംഭിച്ചു. ഇന്ത്യയുടെ പുതുവത്സര പിറവി യുഎഇ സമയം പത്തരയ്ക്കാണ്. ഇങ്ങനെ ഓരോ രാജ്യത്തെയും സമയത്തിനനുസരിച്ച് ആഘോഷ പരിപാടികൾ ചിട്ടപ്പെടുത്തി ലോക ഗ്രാമത്തിന്റെ പേര് അന്വർത്ഥമാക്കി ഗ്ലോബൽ വില്ലേജിൽ ആഘോഷ പരിപാടികൾ അരങ്ങേറി.
ഷാർജയിലെ അൽമജാസ് വാട്ടർ ഫ്രണ്ട് പാർക്കിൽ വർണ്ണാഭമായ വെടിക്കെട്ടും ആഘോഷ പരിപാടികളുമാണ് ഒരുക്കിയത്. സമാനമായ രീതിയിൽ കോർഫക്കാൻ ബീച്ചിലും ആഘോഷ പരിപാടികൾ അരങ്ങേറി. കുടുംബങ്ങൾക്ക് ഒപ്പം നേരത്തെ എത്തി അത്താഴം ആസ്വദിച്ച് വെടിക്കെട്ടും കണ്ട് പുതുവത്സരത്തിനെ വരവേറ്റ് ആഘോഷരാവ് ആസ്വാദ്യകരമാക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരുന്നു. മലിയ ആർക്കിയോളജി സെന്ററിൽ സൂഫി നൃത്തവും, ഫയർ ഡാൻസും, ഗിറ്റാർ സംഗീതവും എല്ലാം ഒരുക്കി പ്രത്യേക ക്യാമ്പുകൾ ആണ് ഒരുക്കിയിരുന്നത്.
40 മിനിറ്റ് നീണ്ടുനിൽക്കുന്ന വെടിക്കെട്ടാണ് ഇത്തവണ അബുദാബിയിൽ നടന്നത്. ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിലാണ് ഇത് ഒരുക്കിയത്. 3000 ട്രോണുകൾ അണിനിരന്ന് നടത്തുന്ന പ്രത്യേക ലൈറ്റ് ഷോ അൽ വത്ബയിൽ നടന്നു. അബുദാബി എമിറേറ്റിലെ അൽ മറിയ ഐലൻഡ്, യാസ് ബേ, യാസ് ഐലൻഡ്, സാദിയ ബീച്ച് ക്ലബ്, ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അബുദാബി കോർണിഷിലും പുതുവത്സരവുമായി ബന്ധപ്പെട്ട വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
കണ്ടൽക്കാടുകളും പക്ഷി സങ്കേതങ്ങളും ജലഗതാഗത വിനോദങ്ങളും ഒത്തുചേർന്ന അജ്മാനിലെ അൽസോറയിൽ യുഎഇയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ആകർഷിക്കുന്നതിന് പ്രത്യേകം പരിപാടികളാണ് തയ്യാറാക്കിയിരുന്നത്. യുഎഇയിലെ തണുപ്പുകാല ക്യാംപിനു തുടക്കം കുറിച്ച സ്ഥലം കൂടിയാണ് അജ്മാൻ എമിറേറ്റിലെ മനോഹരമായ ഈ വിനോദസഞ്ചാര കേന്ദ്രം. കരിമരുന്ന് വിരുന്നിലൂടെ ഗിന്നസ്നേട്ടം കൈവരിച്ച റാസൽഖൈമ അൽ മർജാൻ ഐലൻഡിൽ 12 മിനിറ്റ് നീണ്ടു വെടിക്കെട്ട് ആണ് നടന്നത്. ഡ്രോണുകളുടെ സഹായത്തോടെ ആകാശത്തുനിന്ന് പെയ്തിറങ്ങുന്ന വർണ്ണക്കാഴ്ചകൾ വെടിക്കെട്ടിനൊപ്പം അരങ്ങേറി.