കൊച്ചി> കൊച്ചിയെ ലഹരിവിമുക്തമാക്കാനുള്ള ശ്രമങ്ങൾക്കു പ്രധാന പരിഗണന നൽകുമെന്ന് പുതുതായി ചുമതലയേറ്റ കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ സേതുരാമൻ. തിരുവന്തപുരത്തേയ്ക്ക് സ്ഥലം മാറിപ്പോകുന്ന മുൻ കമീഷണർ സി എച്ച് നാഗരാജുവിൽ നിന്ന് ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിമാഫിയ പുതിയ തലമുറയെയും കുട്ടികളെയുമുൾപ്പെടെയാണ് ലക്ഷ്യം വയ്ക്കുന്നത്. കൂടുതൽ ശ്രദ്ധ ഇത്തരം കേസുകളിലുണ്ടാകണം. കുട്ടികളെ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും കമീഷണർ പറഞ്ഞു.
നിലവിൽ കൊച്ചി പൊലീസിന് ഇത്തരം കേസുകൾ കണ്ടെത്തുന്നതിലും ശക്തമായ നടപടിയെടുക്കുന്നതിലും മികച്ച ട്രാക്ക് റെക്കോഡാണുള്ളത്. ഇതുകൊണ്ടു തന്നെ നഗരപരിധിയിൽ എൻഡിപിഎസ് കേസുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ട്. എംഡിഎംഎ പോലെയുള്ള രാസലഹരി കൂടുതലായി വിപണനം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തെയുൾപ്പെടെ ശക്തിപ്പെടുത്തി ലഹരിമാഫിയയെ അടിച്ചമർത്താൻ ശ്രമം നടത്തുമെന്നും സേതുരാമൻ പറഞ്ഞു.
കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അക്രമങ്ങൾ തടയാനുള്ള പദ്ധതികളും ആവിഷ്കരിക്കും. പോക്സോ കേസുകളിൽ കർശന നടപടിയെടുക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും. രാത്രികാലങ്ങളിൽ നഗരസുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പട്രോളിങ് ഉൾപ്പെടെ കൂടുതൽ സജീവമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നഗരഗതാഗതം സുഗമമാക്കാൻ ട്രാഫിക് വിഭാഗം യോഗം ഉടൻ വിളിച്ചു ചേർക്കും. പ്രധാന ജങ്ഷനുകളിലെ ഗതാഗത പ്രശ്നങ്ങൾ പഠിക്കും. ഗതാഗതക്കുരുക്കിനു പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിപി വി ശശിധരൻ, സ്പെഷ്യൽ ബ്രാഞ്ച് എസിപി സി ജയകുമാർ, ഡിസിപി അഡ്മിൻ ടി ബിജു ഭാസ്ക്കർ, ഡിഎച്ച്ക്യു കമാൻഡന്റ് കെ സുരേഷ് തുടങ്ങിയവർ കമീഷണറെ സ്വീകരിച്ചു.