തിരുവനന്തപുരം> സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി രോഗികളുടെ ആശ്രയകേന്ദ്രമായ റീജിണല് ക്യാന്സര് സെന്ററെ (ആർസിസി) വ്യാജ പ്രചാരണത്തിലൂടെ തകർക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് ഡയറക്ടർ ഡോ. രേഖ എ നായർ. കുടുംബശ്രീവഴി പിൻവാതിൽ നിയമനം നടത്തുന്നുവെന്നാണ് ചിലരുടെ പ്രചാരണം. ഇങ്ങനെ പ്രചരിപ്പിച്ച ഒരു ജീവനക്കാരനെ ഡിസംബർ ഏഴിന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
ആർസിസിയിലെ സർക്കാർ അംഗീകൃത തസ്തികകളിലെ മുഴുവൻ നിയമനങ്ങളും പിഎസ്സിയാണ് ചെയ്യുക. അതനുസരിച്ച് ഡ്രാഫ്റ്റ് സ്പെഷൽ റൂൾസ് അംഗീകാരത്തിനായി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അംഗീകൃത തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനങ്ങൾ ആർസിസി നേരിട്ടാണ് നടത്തുന്നത്. എന്നാൽ, വർധിച്ചുവരുന്ന പേഷ്യന്റ് സർവീസ് കണക്കിലെടുത്ത് അംഗീകൃത തസ്തികകൾ ഇല്ലാത്ത ചില വിഭാഗങ്ങളിലേക്ക് ഔട്ട്സോഴ്സിങ്ങിനായി സർക്കാർ ഏജൻസികളായ കുടുംബശ്രീയും കെ സ്കോണുമായി കരാർ നൽകിയിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനപ്രകാരമാണ് ഇത്. ടെക്നിക്കൽ പോസ്റ്റുകൾ ഈ രീതിയിൽ ഔട്ട്സോഴ്സ് ചെയ്തിട്ടുണ്ട്. എന്നാൽ, ചില സംഘടനകൾ ഗൂഢലക്ഷ്യത്തോടെ തെറ്റിദ്ധാരണ പരത്തിയാണ് സമരം ചെയ്യുന്നതെന്നും ഡയറക്ടർ അറിയിച്ചു.
വ്യാജ ആരോപണമുന്നയിച്ച് ചില സംഘടനകൾ 12ന് ഡയറക്ടറെ ഘെരാവോ ചെയ്യുകയും ഡയറക്ടർക്ക് പരിക്കേൽക്കുകയുമുണ്ടായി. സംഭവത്തിൽ മൂന്നുപേരെ സസ്പെൻഡ് ചെയ്തു. നടപടി നേരിട്ടവരും അവരുടെ സംഘടനയും 27 മുതൽ ആശുപത്രി പ്രവർത്തനത്തെ ബാധിക്കുംവിധം കവാടത്തിൽ ധർണ നടത്തുകയാണ്. ഡോക്ടർമാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഹെൽത്ത് സെക്രട്ടറി രണ്ടു തവണ ചർച്ച നടത്തി. ആവശ്യങ്ങൾ അനുഭാവപൂർവം പരിഹരിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. കേന്ദ്രനിരക്കിലുള്ള ശമ്പള പരിഷ്കരണം 2021 ജൂൺ മുതൽ എല്ലാവർക്കും നൽകിവരുന്നു. 2016 മുതലുള്ള കുടിശ്ശിക നൽകാൻ 100 കോടിയിൽപ്പരം അധിക ബാധ്യതയുണ്ടാകും. എങ്കിലും തുക കണ്ടെത്താൻ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇത് കണക്കിലെടുക്കാതെയാണ് ചില സംഘടനകൾ ജോലി ബഹിഷ്കരണമടക്കം നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും ഡയറക്ടർ പറഞ്ഞു.