മനാമ > സൗദിയില് തപാല്, പാഴ്സല് മേഖലയിലെ തൊഴിലുകള് സ്വദേശിവല്ക്കുന്നു. ഇ-ഡെലിവറി, പാഴ്സലുകളുടെ കൊണ്ടുപോകല്, എക്സ്പ്രസ് മെയില്, തപാല് റൂം മാനേജ്മെന്റ്, തപാല് ലോജിസ്റ്റിക്സ്, സ്വകാര്യ തപാല് സേവനങ്ങള് എന്നിവ സ്വദേശിവല്ക്കരിച്ചുള്ള മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉത്തരവ് പ്രാബല്യത്തില് വന്നു.
ഘട്ടംഘട്ടമായാണ് സ്വദേശിവല്ക്കരണം. ആദ്യ ഘട്ടത്തില്, 14 തപാല് സേവനങ്ങള് പൂര്ണ്ണമായും പ്രാദേശികവല്ക്കരിക്കുമെന്ന് ഉത്തരവില് വ്യവസ്ഥ ചെയ്യുന്നു. അതേസമയം ശുചീകരണം, കയറ്റ്-ഇറക്കു തൊഴിലുകളെ സ്വദേശിവല്ക്കണത്തില് നിന്നും ഒഴിവാക്കി.
സൗദി പൗരന്മാര്ക്ക് പ്രാചോദനം നല്കാനും ഉല്പ്പാദനക്ഷമമായ തൊഴില് അന്തരീക്ഷം പ്രദാനം ചെയ്യാനും തൊഴില് വിപണിയില് അവരുടെ ഇടപെടല് വര്ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാര്ക്ക് തൊഴില് നല്കുന്നതിന് സ്വകാര്യ മേഖല്ക്ക് പ്രോത്സാഹനവും പിന്തുണയും നല്കാനായി പാക്കേജ് ആസൂത്രണം ചെയ്യുന്നതായും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ പത്തുവര്ഷത്തിനിടെ സൗദിവല്ക്കരണം, നിതാഖാത്ത് പേരുകളില് വിദ്യാഭ്യാസം, ടെലികമ്മ്യൂണിക്കേഷന്, റിയല് എസ്റ്റേറ്റ് എന്നിവയുള്പ്പെടെ നിരവധി മേഖലകളില് സൗദിയില് സ്വദേശിവല്ക്കരണം നടപ്പാക്കിയിട്ടുണ്ട്. ഇതുവഴി പതിനായിരകണക്കിന് സ്വദേശികള്ക്ക് ജോലി ലഭിച്ചു. അത്രയും വിദേശികള് തൊഴില് മേഖലയില് നിന്നും പുറത്തുപോയി.
ചില മേഖലകളിലെ ജോലികള് സൗദികള്ക്ക് മാത്രമായി പരിമിതപ്പെടുത്തി ജൂണില് മന്ത്രിതല ഉത്തരവുകള് പ്രഖ്യാപിച്ചിരുന്നു. ഒപ്റ്റിക്സ് പ്രൊഫഷനുകള്, ഉപഭോക്തൃ സേവനങ്ങള്, കോ-പൈലറ്റുമാരും എയര് കണ്ട്രോളറുകളും ഉള്പ്പെടെയുള്ള ലൈസന്സുള്ള ഏവിയേഷന് പ്രൊഫഷനുകള്, സെയില്സ് ഔട്ട്ലെറ്റുകള്, കാറുകളുടെ ആനുകാലിക പരിശോധനകള് എന്നിവ ഇതില് ഉള്പ്പെടും.
സൗദിയിലെ 3.48 കോടി വരുന്ന ജനസംഖ്യയില് 1.05 കോടിപേര് വിദേശികളാണ്.