കാഠ്മണ്ഡു
പത്തൊമ്പതു വർഷത്തെ തടവിനുശേഷം കുപ്രസിദ്ധ കൊലയാളി ചാൾസ് ശോഭ്രാജ് ജയിൽമോചിതനായി. കാഠ്മണ്ഡു സെൻട്രൽ ജയിലിൽനിന്നിറങ്ങിയ ശോഭ്രാജിനെ ഫ്രാൻസിലേക്ക് നാടുകടത്തി. ഖത്തർ എയർവേയ്സിന്റെ വിമാനത്തിൽ ദോഹ വഴി പാരീസിലേക്കാണ് ഫ്രഞ്ച് പൗരനായ ശോഭ്രാജ് പോയത്. 10 വർഷം നേപ്പാളിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
ബുധനാഴ്ച നേപ്പാൾ സുപ്രീംകോടതിയാണ് ശോഭ്രാജിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. 78 വയസ്സുള്ള തന്നെ പ്രായം കണക്കിലെടുത്ത് വിട്ടയക്കണമെന്ന ശോഭ്രാജിന്റെ ഹർജിയിലായിരുന്നു ഉത്തരവ്. 1975ൽ നേപ്പാളിൽ അമേരിക്കൻ വനിത കോണി ജോ ബ്രോൻസിച്ചിനെ കൊലപ്പെടുത്തിയ കേസിൽ 2003ലാണ് അറസ്റ്റിലായത്.
1970കളിൽ കൊലപാതക പരമ്പരകളിലൂടെ യൂറോപ്പിനും ദക്ഷിണേഷ്യക്കും പേടിസ്വപ്നമായിരുന്നു ചാൾസ് ശോഭ്രാജ്. 1972–-1976 കാലത്ത് ഇരുപതിലധികം കൊലപാതകം നടത്തി. ദക്ഷിണേഷ്യയിൽ എത്തുന്ന വിനോദസഞ്ചാരികളെ കൊലപ്പെടുത്തി പണവും പാസ്പോർട്ടും കവർന്ന് ആഡംബരജീവിതം നയിക്കുകയായിരുന്നു രീതി. ബിക്കിനി കില്ലർ, ദി സെർപ്പെന്റ് എന്നിങ്ങനെ വിളിപ്പേരുംകിട്ടി. ഫ്രഞ്ച് വിനോദസഞ്ചാരികൾക്ക് വിഷം നൽകിയതിനും ഇസ്രയേൽ പൗരനെ കൊലപ്പെടുത്തിയതിനും ഇന്ത്യയിൽ 21 വർഷം തടവിൽ കഴിഞ്ഞിട്ടുണ്ട്. ശോഭ്രാജിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമകളും ടിവി പരമ്പരകളും നിർമിച്ചിട്ടുണ്ട്. ശോഭ്രാജിന്റെ അച്ഛൻ ഇന്ത്യക്കാരനും അമ്മ വിയറ്റ്നാംകാരിയുമാണ്.