ന്യൂഡൽഹി
രണ്ടു വർഷത്തിലേറെയായി ഉത്തർപ്രദേശ് ജയിലിൽ തടവിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ കേസുകളിൽ സെപ്തംബറിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ലഖ്നൗ പിഎംഎൽഎ കോടതിയിലെ ജാമ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ സിദ്ദിഖ് ജയിൽ മോചിതനാകും.
ക്രിസ്മസ് അവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തിദിനമാണ് ജസ്റ്റിസ് ദിനേശ്കുമാർ സിങ് അധ്യക്ഷനായ ബെഞ്ച് സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. രണ്ട് ആൾ ജാമ്യം ഉൾപ്പെടെയുള്ള ഉപാധികളുണ്ട്. ജനുവരി രണ്ടിനാണ് കോടതി ഇനി തുറക്കുന്നത്. അന്ന് ജാമ്യക്കാരെ ഉൾപ്പെടെ ഹാജരാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് സിദ്ദിഖിന്റെ അഭിഭാഷകർ അറിയിച്ചു. അഴിമുഖം ഓൺലൈൻ പോർട്ടൽ റിപ്പോർട്ടറും കെയുഡബ്ല്യുജെ ഡൽഹി ഘടകം സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെ 2020 ഒക്ടോബറിലാണ് യുപി പൊലീസ് അറസ്റ്റുചെയ്തത്. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നു പേരും അറസ്റ്റിലായി.
ഹാഥ്രസിൽ പത്തൊമ്പതുകാരി ദളിത് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോയതായിരുന്നു സിദ്ദിഖ്. ഹാഥ്രസിലെ സമാധാനം തകർക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് സിദ്ദിഖും മറ്റും അങ്ങോട്ടുപോയതെന്ന ആരോപണമാണ് പൊലീസ് തുടക്കത്തിൽ ഉന്നയിച്ചത്. പിന്നീട് യുഎപിഎ വകുപ്പുകളും ക്രിമിനൽ ഗൂഢാലോചന, മതവിഭാഗങ്ങൾ തമ്മിൽ വൈരമുണ്ടാക്കൽ, മതവിദ്വേഷം ഉണ്ടാക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തി.
സെപ്തംബർ ഒമ്പതിന് സുപ്രീംകോടതി സിദ്ദിഖിന് കള്ളപ്പണം വെളുപ്പിക്കൽ കേസ് ഒഴികെയുള്ള കേസുകളിൽ ജാമ്യം അനുവദിച്ചു. ആശയാവിഷ്കാരത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നത് ഉൾപ്പെടെയുള്ള നിരീക്ഷണങ്ങൾ മുൻ ചീഫ്ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നടത്തിയിരുന്നു. ലഖ്നൗ സർവകലാശാലാ മുൻ വിസി പ്രൊഫ. രൂപ്രേഖാ വർമ സിദ്ദിഖിനുവേണ്ടി ജാമ്യംനിൽക്കാൻ തയ്യാറായി. എന്നാൽ, സുപ്രീംകോടതി ജാമ്യം അനുവദിച്ച് മൂന്നു മാസത്തോളം പിന്നിട്ടിട്ടും ജാമ്യക്കാരുടെ വെരിഫിക്കേഷൻ നടപടികൾ പൊലീസ് പൂർത്തിയാക്കിയിട്ടില്ല.
വാർധക്യരോഗങ്ങളാൽ അവശയായ മാതാവിനെ കാണാൻ 2021 ഫെബ്രുവരിയിൽ സിദ്ദിഖിന് സുപ്രീംകോടതി അഞ്ചു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. സിദ്ദിഖിന്റെ മോചനത്തിനായി പത്രപ്രവർത്തക യൂണിയനും ശക്തമായി രംഗത്തെത്തിയിരുന്നു.