റിവിയേര ഫാംസ് എന്ന ബ്രാന്‍ഡിലുള്ള സ്പിനാച്ച് കഴിച്ചവര്‍ക്ക് വിഷാദം, മതിഭ്രമം, കാഴ്ച മങ്ങല്‍, പനി, ഹൃദയമിടിപ്പ് കൂടുക, ചര്‍മത്തിനു വരള്‍ച്ച എന്നീ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതായി ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യവിഭാഗം അറിയിച്ചു.
ഉല്‍പ്പന്നം ഏതെങ്കിലും സാഹചര്യത്തില്‍ മലിനമായതായിരിക്കാം സംഭവത്തിനു കാരണമെന്നാണ് അധികൃതരുടെ നിഗമനം.
കോസ്‌കോ ഔട്ട്ലെറ്റുകള്‍ വഴിയാണ് ചീര വിറ്റഴിച്ചത്. നിലവില്‍ ഈ ഉല്‍പ്പന്നം കഴിക്കുന്നത് സുരക്ഷിതമല്ലെന്നും ഇപ്പോഴും ഇത് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നവര്‍ ഉപേക്ഷിണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഡിസംബര്‍ 16ന് ഉപയോഗ ശൂന്യമാകുന്ന ചീര പാക്കറ്റുകള്‍ ഉപേക്ഷിക്കാനാണ് നിര്‍ദേശമുള്ളത്.
സംഭവത്തെതുടര്‍ന്ന് ആരോഗ്യ വകുപ്പ് അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചീര കഴിച്ച ആര്‍ക്കെങ്കിലും അസ്വാഭാവിക ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
‘സംഭവത്തില്‍ ആര്‍ക്കും ജീവഹാനിയുണ്ടാകാത്തത് ആശ്വാസകരമാണ്. പക്ഷേ ചീര കഴിച്ചവര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലര്‍ക്കും മതിഭ്രമം ഉണ്ടായി. ഇല്ലാത്ത കാര്യങ്ങള്‍ അവര്‍ കാണുന്നു’ സംസ്ഥാന പോയിസണ്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലെ ഡോ. ഡാരന്‍ റോബര്‍ട്ട്‌സ് സിഡ്‌നി മോണിംഗ് ഹെറാള്‍ഡിനോട് പറഞ്ഞു.
തങ്ങളുടെ ഉല്‍പന്നം കടകളിലെ ഷെല്‍ഫുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായി റിവിയേര ഫാംസ് വക്താവ് പറഞ്ഞു. ബ്രാന്‍ഡിന്റെ മറ്റ് ഉല്‍പ്പന്നങ്ങളെ വിഷാംശം ബാധിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടവരെല്ലാം സിഡ്നിയില്‍ നിന്നുള്ളവരാണെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികാരികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് എന്‍എസ്ഡബ്ല്യു ഹെല്‍ത്ത് അറിയിച്ചു.
16/12/2022നകം ഉപയോഗിക്കണമെന്നു നിര്‍ദേശമുള്ള, ഒരു കിലോഗ്രാം പാക്കറ്റ് സ്പിനാച്ച് മലിനമാക്കപ്പെട്ടതായിരിക്കാമെന്നാണ് തങ്ങള്‍ക്കു ലഭിച്ച ആദ്യ റിപ്പോര്‍ട്ടുകളെന്നും അത് കഴിച്ചാല്‍ ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്നും റിവിയേര ഫാംസ് വക്താവ് പറഞ്ഞു.
1880കള്‍ മുതല്‍ റിവിയേര ഫാംസ് ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നു. ഇത് ആദ്യത്തെ സംഭവമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.