ദുബായ്> കോഴിക്കോട് നിന്നും ദുബായിലേക്കു പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പാമ്പിനെ കണ്ടെത്തി. കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിംഗ് ബി-737 വിമാനം ഷെഡ്യൂൾ പ്രകാരം പുറപ്പെട്ട് ദുബായ് വിമാനത്താവളത്തിൽ എത്തിയ ശേഷം തിരിച്ചു യാത്ര പുറപ്പെടാനിരിക്കുമ്പോഴാണ് കാർഗോ സെക്ഷനിൽ ജീവനക്കാർ പാമ്പിനെ കണ്ടത്. വിവരമറിഞ്ഞ ഉടൻ യാത്രക്കാരെ ഇറക്കുകയും അവരെ ഹോട്ടലിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തു.
വിമാനം അണുവിമുക്തമാക്കിയതിനു ശേഷം യാത്ര തുടരും എന്നാണ് അധികൃതർ അറിയിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഏവിയേഷൻ റെഗുലേറ്ററി ബോഡിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പാമ്പുണ്ടായ സംഭവം ഡിജിസിഎ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ടെന്ന് വ്യോമയാന വിഭാഗവും അറിയിച്ചു.