മൂന്നാർ> വിനോദ സഞ്ചാര മേഖലയായ മാട്ടുപ്പെട്ടിയിൽ ഇറങ്ങിയ പടയപ്പ വ്യാപക നാശം വരുത്തി. രണ്ട് കടകളും ഒരു വാഹനവും അടിച്ചു തകർത്തു. വെള്ളി വൈകിട്ട് അഞ്ചോടെ മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററിന്റെ പ്രവേശന കവാടത്തിലുള്ള ജോൺസന്റെ കടയാണ് ആദ്യം തകർത്തത്. കടയ്ക്കുള്ളിൽ സൂക്ഷിരുന്ന പൈനാപ്പിളും ചോളവും ഭക്ഷിച്ചു. തുടർന്ന് മാട്ടുപ്പെട്ടി ഡാം സൈറ്റിൽ സുഗതന്റെ കടയും നശിപ്പിച്ചു.
ആളുകൾ ബഹളം വച്ചതോടെ കാട്ടാന പ്രധാന റോഡിലെത്തി നിലയുറപ്പിച്ചു. ഇതേ തുടർന്ന് മൂന്നാറിൽ നിന്നും വട്ടവടയിലേക്ക് പോയ വാഹനങ്ങളും വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ഒന്നര മണിക്കൂറുകളോളം കുരുക്കിൽപ്പെട്ടു. പിന്നീട് ശനി പുലർച്ചെ നെറ്റിമേട് ഡിവിഷനിൽ എത്തിയ പടയപ്പ വീടിനു മുമ്പിൽ നിർത്തിയിട്ടിരുന്ന രാമറിന്റെ ഓമ്നി വാൻ തകർത്തു. ഈ മേഖലയിൽ ചുറ്റിത്തിരിയുന്ന പടയപ്പ മുമ്പും നിരവധി കടകൾക്കും വാഹനങ്ങൾക്കും നാശം വരുത്തിയിട്ടുണ്ട്. ഒരു മാസം മുമ്പ് എക്കോ പോയിന്റിൽ നിരവധി കടകൾ അടിച്ചു തകർത്തിരുന്നു.