ദുബായ്> രാജ്യത്ത് താമസിക്കുന്ന മുസ്ലീങ്ങൾ അല്ലാത്തവർക്കായുള്ള പുതിയ വ്യക്തിനിയമം യുഎഇയിൽ നിലവിൽ വരുന്നു. അടുത്ത ഫെബ്രുവരി മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം എന്നീ വിഷയങ്ങളിൽ വ്യക്തിഗത പദവി അനുവദിക്കുന്ന ഫെഡറൽ നിയമമാണ് നിലവിൽ വരുന്നത്. ഇതിലൂടെ വിവാഹ കരാറുകൾ നിയമപരമാക്കാനും, കോടതിക്ക് മുൻപാകെ ഹാജരായി വിവാഹമോചനം തേടാനും സാധ്യമാകും.
വിവാഹമോചനത്തിനു ശേഷമുള്ള സാമ്പത്തിക തർക്കങ്ങൾ, മരണശേഷമുള്ള അനന്തരാവകാശം, കുട്ടികളുടെ സംരക്ഷണം എന്നിവയിലെല്ലാം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് കോടതി വിധി നടപ്പിലാക്കും. 2021 നവംബർ മുതൽ അബുദാബിയിൽ നടപ്പിലാക്കിയ നിയമമാണ് ഫെഡറൽ നിയമമായി രാജ്യത്ത് എല്ലായിടത്തും നടപ്പിലാക്കുന്നത്.
ലോകത്തിൽ എമ്പാടുമുള്ള പ്രതിഭകളെ ആകർഷിക്കുന്നതിന് യുഎഇ നടപ്പിലാക്കുന്ന വിവിധ നടപടികളുടെ ഭാഗമായി അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള വ്യക്തിഗത നിയമങ്ങളുടെ പരിഷ്കരണത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. വ്യക്തി കുടുംബ തർക്കങ്ങളിൽ സ്വദേശികൾ അല്ലാത്ത ആളുകൾക്കും കോടതി വഴി കാര്യങ്ങൾ തീർപ്പിലെത്തിക്കാൻ ഉള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്.