മനാമ > സൗദി അറേബ്യയും ചൈനയും സമഗ്ര തന്ത്രപരമായ പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു. ഇരു രാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാര്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചു. വ്യാഴാഴ്ച റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ സല്‍മാന്‍ രാജാവും ഷിജിന്‍പിങുും സമഗ്രമായ തന്ത്രപരമായ പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബുധനാഴ്ച വൈകീട്ടാണ് ഷി സൗദിയില്‍ എത്തിയത്. വെള്ളിയാഴ്ച സൗദി തലസ്ഥാനമായ റിയാദില്‍ ചേരുന്ന സഹകരണത്തിനും വികസനത്തിനുമുള്ള അറബ് – ചൈന ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് പങ്കെടുക്കും. ഇതോടൊപ്പം ഗള്‍ഫ്-ചൈന ഉച്ചകോടിയും സൗദി-ചൈന ഉച്ചകോടിയും ചേരുന്നുണ്ട്. ഉച്ചകോടിയില്‍ പങ്കെടുക്കാനായി അറബ് രാഷ്ട്രതലവന്‍മാര്‍ റിയാദില്‍ എത്തിതുടങ്ങി.
റിയാദില്‍ എത്തിയ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സിസിയുമായും പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായും ഷി ജിന്‍പിങ് കൂടിക്കാഴ്ച നടത്തി. അല്‍ സിസിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇരുപക്ഷവും ബെല്‍റ്റ് ആന്‍ഡ് റോഡ് സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. പുതിയ യുഗത്തില്‍ ചൈന-ഈജിപ്ത് സമൂഹത്തിനായി ഇരുപക്ഷവും കൈകോര്‍ക്കണമെന്നും സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുതിയതും മഹത്തായതുമായ വികസനത്തിന് ശ്രമിക്കണമെന്നും ഷി പറഞ്ഞു.
വ്യാഴാഴ്ച റിയാദിലെ അല്‍ യാമാമ കൊട്ടാരത്തില്‍ ചൈനീസ് പ്രസിഡന്റിന്റെ ആവേശകരമായ സ്വീകരണം ലഭിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ചൈനീസ് പ്രസിഡന്റിന രാജ്യത്തേക്ക് സ്വാഗതം ചെയ്തു. നേരെത്ത കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അകമ്പടിയോടെ, ഷി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. രാജകൊട്ടാരം സൈനിക ബാന്‍ഡ് ചൈനയുടെയും സൗദി അറേബ്യയുടെയും ദേശീയ ഗാനം ആലപിച്ചു.
അറബ് ലോകവുമായും ഗള്‍ഫ് രാജ്യങ്ങളുമായും സൗദി അറേബ്യയുമായും ചൈനയുടെ ബന്ധത്തിന്റെ ഒരു പുതുയുഗത്തിന് വഴി തുറക്കുന്ന യാത്രയിലാണ് താനെന്ന് സൗദിയിലെ അല്‍ റിയാദ് പത്രത്തില്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഷി പറഞ്ഞു. ‘സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള നമ്മുടെ സൗഹൃദം മുന്നോട്ട് കൊണ്ടുപോകുകയും സംയുക്തമായി ഒരു മികച്ച ഭാവി സൃഷ്ടിക്കുകയും ചെയ്യുന്നു’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍, പരമാധികാരം, സ്വാതന്ത്ര്യം, സുരക്ഷ, സ്ഥിരത എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ചൈന ജിസിസി രാജ്യങ്ങളെ ശക്തമായി പിന്തുണ്ക്കുന്നത് തുടരുമെന്ന് ഷി വ്യക്തമാക്കി. ഏകീകരണം ത്വരിതപ്പെടുത്തുന്നതിലും വൈവിധ്യമാര്‍ന്ന വികസനം പിന്തുടരുന്നതിലും ജിസിസിയെ പിന്തുണക്കുന്നത് തുടരും. ബഹുമുഖ ഊര്‍ജ സഹകരണത്തിന്റെ പുതിയ മാതൃക പരിപോഷിപ്പിക്കാനും സാമ്പത്തിക, നിക്ഷേപ സഹകരണത്തില്‍ പുതിയ വികസനം ത്വരിതപ്പെടുത്താനും നവീകരണ സഹകരണത്തിന്റെ പുതിയ മേഖലകള്‍ പര്യവേക്ഷണം ചെയ്യാനും ചൈന ജിസിസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ചൈനയും അറബ് രാജ്യങ്ങളും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്ന മുദ്രവാക്യം ഉയര്‍ത്തുന്നത് തുടരുകയും പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതില്‍ പരസ്പരം ശക്തമായി പിന്‍തുണനല്‍കുകയും അന്താരാഷ്ട്ര നീതിയും ന്യായവും സംയുക്തമായി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്നും ലേഖനത്തില്‍ പറയുന്നു.