തിരുവനന്തപുരം
പിഎസ്സിക്ക് ഒഴിവ് മുൻകൂട്ടി അറിയാനുള്ള സോഫ്റ്റ്വെയർ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ജീവനക്കാരൻ ജോലിയിൽ പ്രവേശിക്കുമ്പോൾ വിരമിക്കൽ തീയതിയടക്കം ഇതിൽ ഉൾപ്പെടുത്തും. ഇതുവഴി ഓരോ ഘട്ടത്തിലും എത്ര ഒഴിവുണ്ടാകുമെന്ന് മുൻകൂട്ടി മനസ്സിലാക്കാനും ഒഴിവ് റിപ്പോർട്ട് ചെയ്യുംമുന്നേ തെരഞ്ഞെടുപ്പ് നടപടി ആരംഭിക്കാനുമാകും. കാലതാമസമില്ലാതെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടി പിഎസ്സി സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ അപേക്ഷകരുള്ള തസ്തികയ്ക്ക് പ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയും നടത്തുന്നുണ്ട്. ഇത്തരത്തിൽ രണ്ടുതവണ പരാതിയില്ലാതെ പരീക്ഷ നടത്താനായി. സുതാര്യമായാണ് പിഎസ്സി തെരഞ്ഞെടുപ്പ് നടപടി പൂർത്തീകരിക്കുന്നത്. ഇക്കാര്യത്തിൽ അനാവശ്യ ആശങ്ക ഉയർത്തേണ്ടതില്ലെന്നും ഷാഫി പറമ്പിലിന്റെ ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.