ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ(ECTA) ഓസ്ട്രേലിയൻ പാർലമെൻറ് കഴിഞ്ഞ ആഴ്ച പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇന്ത്യൻ സർക്കാർ ചൊവ്വാഴ്ച രാത്രി പൂർത്തിയാക്കിയത്.
ഡിസംബർ 29 മുതൽ കരാർ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും. ജനുവരി ഒന്നിന് നികുതി ഇളവിൻറെ രണ്ടാം ഘട്ടം ആരംഭിക്കും.
കരാർ പ്രാബല്യത്തിൽ വരുന്നതോടെ 85% ഓസ്ട്രേലിയൻ ഉൽപ്പന്നങ്ങൾക്കും ഇന്ത്യയിൽ ഇറക്കുമതി തീരുവ ഇല്ലാതാകും.
കമ്പിളി, പരുത്തി, സമുദ്രോത്പന്നങ്ങൾ, മാംസോൽപ്പന്നങ്ങൾ, പരിപ്പ്, അവോക്കാഡോ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് നികുതി ഒഴിവാക്കും.
ഉയർന്ന നികുതി ഈടാക്കുന്ന 5% ഉൽപ്പന്നങ്ങളുടെ തീരുവയിൽ ഘട്ടം ഘട്ടമായി കുറവ് വരുത്തുമെന്നും കരാറിൽ വ്യവസ്ഥയുണ്ട്.
ഇന്ത്യയിൽ നിന്നുള്ള സേവനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും തീരുവയിൽ ഓസ്ട്രേലിയയും ഇളവ് നൽകും.
ഇന്ത്യയുമായുള്ള ഓസ്ട്രേലിയയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള അടുത്ത ഘട്ടമാണ് സ്വതന്ത്ര വ്യാപാര കരാറെന്ന് പ്രധാനമന്ത്രി ആൻറണി അൽബനീസി പറഞ്ഞു.
ഓസ്ട്രേലിയയും ഇന്ത്യയും തന്ത്രപരവും സാമ്പത്തികവുമായ പങ്കാളികളായി ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കരാർ വ്യവസ്ഥകൾ പ്രകാരം ലഭ്യമാകുന്ന നികുതി ഇളവിലൂടെ മാത്രം ഓസ്ട്രേലിയൻ കയറ്റുമതിക്കാർക്ക് പ്രതിവർഷം 2 ബില്യൺ ഡോളർ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷ.
മാത്രമല്ല ഇറക്കുമതി ചെയ്യുന്ന ചരക്കുകളിൽ നിന്ന് ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും പ്രതിവർഷം 500 ബില്യൺ ഡോളർ ലാഭിക്കാനും സാധിക്കും.
പുതിയ വർഷത്തിനുമുമ്പ് കരാർ പ്രാബല്യത്തിൽ വരുന്നതിലൂടെ താരിഫിലുണ്ടാകുന്ന ഇളവുകൾ ഓസ്ട്രേലിയയ്ക്ക് പ്രയോജനം ചെയ്യുമെന്ന് വാണിജ്യ മന്ത്രി ഡോൺ ഫാരെൽ പറഞ്ഞു.
പുതിയ കരാർ വഴിയുണ്ടാകുന്ന നേട്ടം പ്രയോജനപ്പെടുത്താൻ ബിസിനസുകൾ തയ്യാറെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കടപ്പാട്: SBS മലയാളം