കൊച്ചി> മുസ്ലിം വിവാഹം പള്ളികളിൽ നടത്തണമെന്ന തീരുമാനം ചോദ്യം ചെയ്ത ഹർജിയിൽ സംസ്ഥാന വഖഫ് ബോർഡ്, ഈരാറ്റുപേട്ട തെക്കേക്കരി മുഹിയുദ്ദീൻ ജുമാമസ്ജിദ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് നോട്ടീസ് നൽകാൻ ഹെെക്കോടതി ഉത്തരവിട്ടു. തെക്കേക്കര ജുമാമസ്ജിദിനുകീഴിലുള്ള കുടുംബങ്ങളിലെ വിവാഹങ്ങൾ പള്ളികളിൽ നടത്തണമെന്ന തീരുമാനത്തിനെതിരെ ഹുസൈൻ വലിയവീട്ടിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ എസ് വി ഭാട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിശദീകരണം തേടിയത്.
വധൂവരൻമാരുടെ ഇഷ്ടത്തിനനുസരിച്ച് വീടുകളിലും ഓഡിറ്റോറിയങ്ങളിലുമാണ് നിക്കാഹ് നടത്തിയിരുന്നത്. അടുത്തകാലത്താണ് നിക്കാഹ് പള്ളിയിൽ നടത്തണമെന്നു തീരുമാനിച്ചത്. സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാൻ സാധിക്കില്ല. അതിനാൽ നിക്കാഹ് പള്ളിയിൽ നടക്കുമ്പോൾ വധൂവരൻമാരുടെ ബന്ധുക്കൾക്ക് അടക്കം പങ്കെടുക്കാനാകുന്നില്ല. ഇതരമതക്കാരായ കുടുംബസുഹൃത്തുക്കൾക്കും നിക്കാഹിൽ പങ്കെടുക്കാൻ കഴിയില്ല. ഇത്തരത്തിലുള്ള നടപടികൾ ഇസ്ലാമിക മതാചരങ്ങളിൽപ്പെട്ടതല്ലെന്നും ഹർജിയിൽ പറയുന്നു.
മഹല്ല് കമ്മിറ്റികളുടെ ഇത്തരത്തിലുള്ള തീരുമാനങ്ങളിൽ ഇടപെടാൻ വഖഫ് ബോർഡിന് അധികാരമുണ്ട്. അംഗങ്ങളുടെ ഇഷ്ടപ്രകാരം വിവാഹം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റിക്ക് നോട്ടിസ് നൽകിയിട്ടും ഒരുവിധ നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.