ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്ട്രേഷന് ഇനി ആവശ്യമില്ല.
ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രിക്കാൻ നടപ്പിലാക്കിയിരുന്ന എയർ സുവിധ പോർട്ടലിലെ നിർബന്ധിത രജിസ്ട്രേഷൻ ഇനി ചെയ്യേണ്ടതില്ല. നവംബർ 21 രാത്രി 12 മുതൽ ഇത് പ്രാബല്യത്തിൽ വരും. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച് പുതുക്കിയ മാർഗനിർദേശം പുറപ്പെടുവിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രികർക്കാണ് ഈ രജിസ്ട്രേഷൻ നിർബന്ധമാക്കിയിരുന്നത്.
കോവിഡ് കേസുകളിൽ കാര്യമായ കുറവുണ്ടായതിനാലും വാക്സിനേഷൻ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതിനാലുമാണ് സുവിധ പോർട്ടൽ രജിസ്ട്രേഷൻ പിൻവലിക്കുന്നത്.
സുവിധ പോർട്ടൽ രജിസ്ട്രേഷൻ പിൻവലിക്കുന്നത് ഇന്ത്യയിലേക്ക് വരുന്ന വിമാനയാത്രക്കാർക്ക് ഏറെ ആശ്വാസം പകരും. കോവിഡ് വ്യാപന നിരക്കിൽ വർധനവുണ്ടാകുന്ന പക്ഷം ഇത് പുനഃസ്ഥാപിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
എയർ സുവിധ സംവിധാനം പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്, അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര ഗവണ്മെന്റിനോട് അഭ്യർത്ഥിച്ചുകൊണ്ട് ലോകത്തിന്റെ നാനാ കോണുകളിൽ നിന്നും അനേകം ഇന്ത്യൻ പ്രവാസി സംഘടനകൾ ഇന്ത്യൻ ഹൈ കമ്മീഷൻ മുഖാന്തിരം ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
ഇന്ത്യൻ ടൂറിസത്തിന് വൻ കുതിപ്പ് ഉണ്ടാക്കാൻ, ഈ നടപടികൾ സഹായിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്.