ബംഗളൂരു
സർവ റെക്കോഡുകളും മായ്ച്ച് ഒരു ബാറ്റിങ്. തമിഴ്നാട് ഓപ്പണർ എൻ ജഗദീശൻ ഒറ്റദിനംകൊണ്ട് ചരിത്രത്തിൽ ഇടംനേടി. വിജയ്ഹസാരെ ഏകദിന ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ 141 പന്തിൽ നേടിയത് 277 റൺ. ലിസ്റ്റ് എ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വ്യക്തിഗത സ്കോർ.
ഇംഗ്ലീഷ് കൗണ്ടിൽ അലിസ്റ്റയർ ബ്രൗൺ കുറിച്ച 268 റണ്ണിന്റെ റെക്കോഡ് മാഞ്ഞു. തുടർച്ചയായ അഞ്ച് സെഞ്ചുറി നേടുന്ന ആദ്യ താരവുമായി ജഗദീശൻ. അരുണാചലിനെതിരെ തമിഴ്നാട് നേടിയ 506 റണ്ണും, 435 റൺ വിജയവും റെക്കോഡാണ്. ഇരുപത്താറുകാരനായ ജഗദീശൻ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്നു. ഈ സീസണിൽ വലംകൈയനെ ചെന്നൈ ഒഴിവാക്കി.
കേരളം ഒമ്പതു വിക്കറ്റിന് ബിഹാറിനെ തോൽപിച്ചു.