ഓസ്ട്രേലിയ – ഇന്ത്യ വാണീജ്യ ബന്ധം സുദൃഢമാക്കുന്നതിൻറെ ഭാഗമായാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബനിസി ഇന്ത്യ സന്ദർശിക്കുന്നത്.
അടുത്ത വർഷം മാർച്ചിൽ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ബുധനാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആൻറണി അൽബനിസി കൂടികാഴ്ച നടത്തിയിരുന്നു.
ജി-20 ഉച്ചകോടിക്കിടെ നടന്ന കൂടികാഴ്ചയിൽ സമഗ്ര സാമ്പത്തിക സഹകരണം, സ്വതന്ത്ര വ്യാപാര കരാറിൻറെ അന്തിമരൂപം എന്നിവ ഇരു നേതാക്കളും ചർച്ച ചെയ്തു.
ഇന്ത്യാ സന്ദർശനം സുപ്രധാനവും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതുമായിരിക്കുമെന്ന് ആൻറണി അൽബനീസി ബാലിയിൽ പറഞ്ഞു.
ഈ വർഷം ഏപ്രിൽ മാസത്തിൽ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ ഇടക്കാല വാണിജ്യ കരാറിൽ ഒപ്പിട്ടിരുന്നു.
മാർച്ചിൽ നടക്കുന്ന അൽബനീസിയുടെ ഇന്ത്യ സന്ദർശനത്തോടെ വാണിജ്യ കരാറിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ഓസ്ട്രേലിയയിൽ നിന്നുള്ള വ്യാപാര സംഘവും ഇന്ത്യ സന്ദർശനത്തിൽ പ്രധാനമന്ത്രി ആൻറണി അൽബനീസിക്കൊപ്പമുണ്ടാകും.
ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയയിലെത്തുന്നുണ്ട്.
ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് സമ്മിറ്റിൽ പങ്കെടുക്കാനാണ് ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തെത്തുന്നത്.
മാർച്ചിലെ സന്ദർശനത്തിന് പുറമെ ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായും ഓസ്ട്രേലിയൻ പ്രധാനമന്ത്രി അടുത്ത വർഷം വീണ്ടും ഇന്ത്യയിലേക്ക് പോകും.
കടപ്പാട്: SBS മലയാളം