ഇൻറർനെറ്റ് സ്പീഡിൻറെ കാര്യത്തിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രേലിയയിലെ ഇൻറർനെറ്റ് സേവനദാതാക്കളായ ടെൽസ്ട്ര, ഒപ്റ്റസ്, TPG കമ്പനികൾക്കാണ് കഴിഞ്ഞ ദിവസം ഫെഡറൽ കോടതി പിഴ ചുമത്തിയത്.
NBN പ്ലാനുകളുടെ സ്പീഡുമായി ബന്ധപ്പെട്ട് നൽകിയ പരസ്യം തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആണെന്ന് ചൂണ്ടിക്കാട്ടി ഓസ്ട്രേലിയൻ കോംപറ്റീഷൻ ആൻറ് കൺസ്യൂമർ കമ്മീഷണനാണ്(ACCC) ഫെഡറൽ കോടതിയെ സമീപിച്ചത്.
NBN സ്പീഡുമായി ബന്ധപ്പെട്ട് നൽകിയ പരസ്യം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്ന് മൂന്ന് കമ്പനികളും കോടതിയിൽ സമ്മതിച്ചു.
പരസ്യം 1,20,000 ഉപഭോക്താക്കളെ ബാധിച്ചതായാണ് കണക്ക്.
ഫൈബർ ടു നോഡ്(FTTN) പ്ലാനുകളുടെ സ്പീഡുമായി ബന്ധപ്പെട്ട് മൂന്നു കമ്പനികളും തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യമാണ് നൽകിയതെന്ന് കോടതി നിരീക്ഷിച്ചു. ഇത് ഓസ്ട്രേലിയൻ കൺസ്യൂമർ നിയമങ്ങളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ടെൽസ്ട്ര 15 മില്യൺ, ഒപ്റ്റസ് 13.5 മില്യൺ, TPG 5 മില്യൺ എന്നിങ്ങനെയാണ് പിഴ വിധിച്ചിരിക്കുന്നത്.
കമ്പനികൾ വരുത്തിയ നിയമ ലംഘനങ്ങളുടെ ഗൗരവത്തെയാണ് കോടതി വിധി പ്രതിഫലിപ്പിക്കുന്നതെന്ന് ACCC കമ്മീഷണർ ലിസ കാർവർ പറഞ്ഞു.
ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രകടന സവിശേഷത, സ്വഭാവം, ഗുണനിലവാരം എന്നിവയെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾ നൽകുന്നത് നിയമവിരുദ്ധമാണ്.
കേസുമായി ബന്ധപ്പെട്ട് ACCCക്കുണ്ടായ ചെലവിൻറെ ഒരു ഭാഗം ടെൽസ്ട്ര, ഒപ്റ്റസ്, TPG കമ്പനികൾ നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
കടപ്പാട്: SBS മലയാളം