അബുദാബി> കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് ഊർജ്ജ നയത്തിൽ കാതലായ മാറ്റം വരുത്തി യുഎഇ. 2050- ഓടെ കാർബൺ പുറന്തള്ളൽ പൂർണമായും കുറയ്ക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ഉത്പാദനത്തിൽ പുതിയ മാറ്റങ്ങൾ വരുത്തി കൊണ്ടുള്ള നിർണായക ചുവടുവെപ്പാണ് രാജ്യം നടത്തിക്കൊണ്ടിരിക്കുന്നത്. 2035 ഓടെ യുഎഇയുടെ ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ സ്രോതസ്സുകളിൽ നിന്ന് 60% വൈദ്യുതിയും ഉത്പാദിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഈജിപ്തിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ യുഎഇയുടെ പ്രതിനിധികൾ തങ്ങളുടെ രാജ്യത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിച്ചു. കാർബൺ കുറഞ്ഞ സമ്പദ് വ്യവസ്ഥയിലേക്ക് മാറാൻ കോടിക്കണക്കിന് ദിർഹമിന്റെ ആസൂത്രിത നിക്ഷേപമാണ് രാജ്യത്ത് നടക്കുന്നത്. ആഗോളതാപനം കുറച്ചു കൊണ്ടുവന്ന് ഭൂമിയെ സംരക്ഷിക്കുന്ന കർമ്മപരിപാടിയിൽ മാതൃകാപരമായ പ്രവർത്തനമാണ് യുഎഇ സർക്കാർ നടത്തുന്നത്.
പരിസ്ഥിതി നശീകരണത്തിന് കാരണമായ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതിന് രാജ്യം മുൻപ് തന്നെ ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി പ്രകൃതിദത്ത ഊർജ്ജസ്രോതസ്സുകൾ ഖനനം ചെയ്തെടുക്കുന്നതിന് യുഎഇ ശക്തമായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഉൾക്കടലിലും, തീരപ്രദേശങ്ങളിലും കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ഈജിപ്തിലെ ഷാം അൽഷൈക്കിൽ നടന്ന കോപ്പ് 27 ഉച്ചകോടിയിൽ ഇത് സംബന്ധമായ ചില ധാരണ പത്രങ്ങളിൽ ഒപ്പുവയ്ക്കുകയും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുമായി രാജ്യം മുന്നോട്ടുപോവുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.