ന്യൂഡൽഹി> തെരുവുനായ്ക്കളെ ദത്തെടുക്കാതെ അവർക്ക് ഭക്ഷണം നൽകാൻ പാടില്ലെന്ന ബോംബെ ഹൈക്കോടതി നിർദേശം അപ്രായോഗികമെന്ന് സുപ്രീംകോടതി. ‘ഭക്ഷണം കിട്ടിയില്ലെങ്കിൽ നായ്ക്കൾ അക്രമാസക്തരാകും. നായ്ക്കളെ ദത്തെടുത്ത് വീട്ടിൽ കൊണ്ടുവന്ന ശേഷമേ ഭക്ഷണം നൽകാൻ പാടുള്ളുവെന്ന ഹൈക്കോടതി ഉത്തരവിലെ നിർദേശം അപ്രായോഗികമാണ്.
ദത്തെടുക്കുക എന്നാൽ, നായ്ക്കളെ വീട്ടിൽകൊണ്ടുവന്ന ശേഷമേ ഭക്ഷണം കൊടുക്കാൻ പാടുള്ളുവെന്ന് അർത്ഥമില്ല. ഇതിന് വേണ്ടി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ, അതിന് അപ്പുറം ഭക്ഷണമേ നൽകാൻ പാടില്ലെന്ന നിർദേശം ശരിയല്ല. മുൻസിപ്പൽ കോർപറേഷന്റെയും മറ്റും സഹായം ഈ കാര്യത്തിന് തേടാവുന്നതാണ്’– ജസ്റ്റിസുമാരായ സഞ്ജീവ്ഖന്ന, ജെ കെ മഹേശ്വരി എന്നിവർ അംഗങ്ങളായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
അതേസമയം, ഹൈക്കോടതി ഉത്തരവിലെ നിർദേശത്തിന്റെ പേരിൽ നിയമനടപടികൾ സ്വീകരിക്കുന്നത് തടഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഈ മാസം 16ന് കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്ക് 200 രൂപ പിഴ ചുമത്തിയിരുന്നു.