ലണ്ടന്> യമനിലെ സെന്ട്രല് ജയിലില് വധശിക്ഷക്ക് വിധിക്കപ്പെട്ടു കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ ടോമി തോമസിന്റെ മോചനത്തിനായിട്ടുള്ള ശ്രമങ്ങള് തുടരുന്നു. നവംബര് പത്തിന് ദുബായിയില് വെച്ച് ചേര്ന്ന യോഗത്തില് വ്യവസായിയും ലുലുഗ്രുപ്പ് ചെയര്മാനുമായ എം എ യുസഫ് അലിയും ‘സേവ് നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന് കൗണ്സിലിന്റെ ‘മധ്യസ്ഥ ശ്രമങ്ങള്ക്കായുള്ള ടീമിന് നേതൃത്വം നല്കുന്ന ജീവകാരുണ്യ പ്രവര്ത്തകനും ഇന്ത്യയിലെ സുപ്രീം കോടതി മുന് ജഡ്മിയുമായിരുന്ന ജസ്റിസ് കുര്യന് ജോസഹും യമനിലെ മധ്യസ്ഥ ശ്രമങ്ങള്ക്ക് നേതൃത്വം നല്കുന്ന വൃക്തികളും പങ്കെടുത്തു.
യമനിലെ സുപ്രീം കോടതിയിലുള്ള കേസിന്റെ വിധി വരുന്നതനുസരിച്ചു ആവശ്യമെങ്കില് ‘ദിയ ധനം’നല്കി മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് എം എ യുസഫ് അലിയും ‘സേവ് നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന് കൌണ്സില്” ഭാരവാഹികളും. മധ്യസ്ഥ ശ്രമങ്ങള് പരിപൂര്ണ വിജയത്തിലെത്തിക്കുവാനുള്ള സാദ്ധ്യതകള് ഉണ്ടാകട്ടെ എന്ന് എം എ യുസഫ് അലിയും ജസ്റ്റിസ് കുര്യന് ജോസഫും പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ രണ്ടു വര്ഷത്തിലധികമായി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള് ഉള്പ്പെടുന്ന ‘സേവ് നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന് കൌണ്സിലിന്റെ നേതൃത്വത്തില് നിമിഷ പ്രിയയുടെ വധശിക്ഷയില് നിന്നുമുള്ള മോചനത്തിനായി വിവിധ പ്രവര്ത്തനങ്ങള് നടത്തിയിരുന്നു. കേന്ദ്രസംസ്ഥാന സര്ക്കാരുകളുടെ അടിയന്തിര ശ്രദ്ധയില് ഈ പ്രശനം കൊണ്ടുവരാനും യമനിലെ ഇന്ത്യന് എമ്പസിക്ക് കീഴില് നിമിഷപ്രിയക്കുവേണ്ടി യമന് പൌരന് ആയ ഒരു വക്കീലിനെ നിയമിക്കാന് കഴിഞ്ഞതും, ഡല്ഹി ഹൈ കോടതിയുടെ ശ്രദ്ധയില് വിഷയം കൊണ്ടുവന്നു കേന്ദ്ര സര്ക്കാരിനെ കൊണ്ടും വിദേശ കാര്യവകുപ്പിനെ കൊണ്ടും പ്രസ്താവനകള് ഇറക്കുവാന് സാധിച്ചതും സേവ് നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന് കൗണ്സിലിന്റെ നിരന്തരശ്രമങ്ങളുടെ ഫലമായിട്ടാണ്.
നിമിഷപ്രിയയുടെ മോചനം സാധ്യമാകുന്നതുവരെ തുടര്ന്നുള്ള എല്ലാ പ്രവര്ത്തനങ്ങളിലും മനുഷ്യസ്നേഹികളായ സുമനസ്സുകളുടെ സഹകരണവും സഹായങ്ങളും ഉണ്ടാകണമെന്ന് അന്താരാഷ്ട്ര ആക്ഷന് കൌണ്സില് ഭാരവാഹികള് അറിയിച്ചു.