ലണ്ടൻ> യു കെയിലെ മലയാളി വിദ്യാർത്ഥികളും വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികളും ചേർന്ന് സംഘടിപ്പിച്ച മല്ലു സ്ട്രെയിഞ്ചേഴ്സ് നൈറ്റ് സമാപിച്ചു. യു കെയിലെ ലിവർപൂളിന് അടുത്തുള്ള ചെസ്റ്ററിലാണ് മൂന്ന് ദിവസത്തെ മല്ലു ക്യാമ്പിംഗ് ഇവന്റ് നടത്തിയത്.
വിവിധ കായിക മത്സരങ്ങളും പാട്ടും കഥകളും നാടൻ കേരള വിഭവങ്ങളും അടങ്ങിയ ഗംഭീര വിരുന്നും ക്യാമ്പിലുണ്ടായിരുന്നു. യു.കെയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു മലയാളികളുടെ ക്യാമ്പിംഗ് നടക്കുന്നത്.
പരസ്പരം അറിയാത്ത യു.കെയിലെ മലയാളികൾക്ക് പരസ്പരം കൂട്ടുകാരാവാനും അത് വഴി യു.കെയിലെ വിവിധ മേഖലകളിലുള്ള തൊഴിൽ,വിദ്യാഭ്യാസ അവസരങ്ങൾ പരസ്പരം പങ്കുവെക്കാനുമുള്ള ഒരു സുവാരണാവസരം കൂടിയായിരുന്നു ഈ ഒത്തുചേരൽ.
യു.കെയിലെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്താനും വന്നവർക്ക് ഒരിക്കലും മറക്കാനാവാത്ത മൂന്ന് നാളുകൾ സമ്മാനിക്കാനും പരിപാടി അതിന്റെ പരിപൂർണ്ണ വിജയത്തിൽ അവസാനിപ്പിക്കുവാനും കഴിഞ്ഞ സന്തോഷത്തിലാണ് സംഘാടകർ.
Mallu Strangers Nightന്റെ രണ്ടാം പതിപ്പ് 2023 മാർച്ച് ആദ്യവാരത്തിൽ നടക്കുമെന്ന് സംഘാടകരായ സൂരജ് അബ്ദുറഹ്മാൻ നടുക്കണ്ടി,ഷിജാസ് കുന്നത്തൊടിയിൽ, ശരണ്യ കുന്നത്, മേരി കൊടിഞ്ഞൂർ, അമൽ ചന്ദ്രൻ,ഷിഫാ മാട്ടുമ്മത്തൊടി, റിൻഷാദ് വഴങ്ങോടൻ, ഷെബിൻ പുന്നോത്ത്,അൻസി മീര സാഹിബ് , ജഹാന കൊക്കത്ത്,ഷാഫി കൂരിത്തൊടി,സുനീർ കൊളചാലിൽ എന്നിവർ അറിയിച്ചു.