ഷാർജ > ഷാർജയിലേക്ക് പുസ്തക പ്രേമികളുടെ ഒഴുക്ക്. മേളയുടെ അവസാന നാളുകളിൽ ആയിരക്കണക്കിന് സന്ദർശകരാണ് മേളയിൽ എത്തിക്കൊണ്ടിരിക്കുന്നത്. പ്രമുഖരുർ എത്തിയതോടെ കൂടുതൽ സന്ദർശകർ എത്തിത്തുടങ്ങി. 75 ലക്ഷം പുസ്തകങ്ങളാണ് ഇത്തവണ വിരുന്നെത്തിയിരിക്കുന്നത്.
റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യുന്ന പുസ്തകങ്ങളിൽ ഭൂരിപക്ഷവും മലയാളികളുടേതാണ്. എഴുത്തുകാരുടെ സൗഹൃദം പുതുക്കുന്ന വേദി കൂടിയാണ് ഷാർജ പുസ്തകോത്സവം. ഇറ്റലിയാണ് അതിഥി രാജ്യമെങ്കിലും കേരളത്തിൽ നിന്നടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ എഴുത്തുകാരാണ് കൂടുതൽ സജീവം. 147 പരിപാടികളാണ് ആകെ നടക്കുന്നത് 57 രാജ്യങ്ങളിലെ 129 അതിഥികൾ പങ്കെടുക്കുന്നുണ്ട് കുട്ടികൾക്കായി പ്രത്യേക മേഖലയും ഒരുക്കിയിട്ടുണ്ട് നിരവധി കുട്ടികളാണ് സമാപന നാളുകളിൽ മേള സന്ദർശിക്കുന്നത്. സ്കൂളുകളിൽ നിന്ന് നേരിട്ടാണ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സംഘമായി എത്തിക്കൊണ്ടിരിക്കുന്നത്. കുട്ടികൾക്കായി 623 പരിപാടികൾ അരങ്ങേറുന്നുണ്ട് .
പുസ്തക മേളയിലേക്ക് ആദ്യമായി എത്തിയ ഫിലിപ്പൈൻ സമൂഹത്തിന്റെ സാന്നിധ്യവും ശ്രദ്ധേയമാണ് എട്ടുമുതൽ പത്തുവരെയായിരുന്നു ഇൻറർനാഷണൽ ലൈബ്രറി കോൺഫറൻസ്. ലോകത്തിലെ അറിയപ്പെടുന്ന പ്രസാധകരുടെ സാന്നിധ്യം ഇതിൽ ഉണ്ടായിരുന്നു. മലയാളത്തിൽ നിന്നും സുനിൽ പി ഇളയിടം, നടൻ ജയസൂര്യ എന്നിവർ ഇതിനകം മേളയിൽ പങ്കെടുത്തു. ഷാരൂഖ് ഖാൻ, റസൂൽ പൂക്കുട്ടി എന്നിവരെ ആരാധകർ ക്ഷമയോടെ കാത്തിരിക്കുന്നു. 12ന് ജോസഫ് അന്നക്കുട്ടി ജോസ്, 13ന് സി വി ബാലകൃഷ്ണൻ എന്നിവരും പങ്കെടുക്കും. ഉഷ ഉതുപ്പ് തന്റെ ആത്മകഥയുമായി നവംബർ 12ന് ആരാധകരുമായി സംവദിക്കാൻ എത്തും 11ന് ഷെഫ് അനഹിത ധൂണ്ടി പുസ്തകമേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തും. ഇവരെക്കൂടാതെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നിരവധി എഴുത്തുകാരും, ചലച്ചിത്ര പ്രവർത്തകരും, മോട്ടിവേഷണൽ സ്പീക്കർമാരും, ചിത്രകാരന്മാരും മേളയിൽ എത്തിയിരുന്നു. വാക്കുകൾ പടരട്ടെ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന ഷാർജ പുസ്തകോത്സവം അക്ഷരാർത്ഥത്തിൽ വലിയ സാംസ്കാരിക ചലനമാണ് മിഡിൽ ഈസ്റ്റിൽ തീർത്തത്.