മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് ഇടവകയിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാളും പത്താം വാർഷിക ഉദ്ഘാടനവും സെന്റ് മാത്യൂസ് ചർച് ഫോക്നറിൽ ഒക്ടോബർ 23 ന് നടന്നു.
ഇടവകാംഗങ്ങൾ എല്ലാവരും പ്രസുദേന്തിമാരായ തിരുന്നാളിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊടിയേറ്റത്തോട് കൂടി ആരംഭം കുറിച്ചു.
ഫാ.ഷാജി പൂത്തറ മുഖ്യ കാർമികനായ തിരുന്നാൾ കുർബാനയും നടത്തപ്പെട്ടു. സഹകാർമ്മികരായ ഫാ. റ്റിജോ പുത്തൻ പറമ്പിൽ തിരുന്നാൾ സന്ദേശവും, ഫാ. ജോയ്സ് കൊല്ലംകുഴിയിൽ പ്രദക്ഷിണവും നടത്തി.
തിരുനാൾ പ്രദക്ഷണത്തിന് നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു.
സിറോ മലബാർ മെൽബൺ രൂപത ചാൻസലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ കുർബാനയുടെ ആശിർവാദവും അടുത്ത വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്താൻ തയാറായ ബീറ്റ്സ് ബൈ സെന്റ് മേരിസ് ചെണ്ടമേളം ആൻഡ് നാസിക് ധോൾ ടീം അംഗങ്ങളുടെ പ്രസുദേന്തി വാഴ്ചയും നടത്തി.
പിന്നീട്, പാരിഷ് ഹാളിൽ വെച്ച് വിവിധ കൂടാരയോഗങ്ങൾ നടത്തിയ വർണ്ണപ്പകിട്ടാർന്ന കലാപരിപാടികൾ തിരുനാളിന് മാറ്റു കൂട്ടി. അതോടൊപ്പം തന്നെ പത്താം വാർഷിക ഉദ്ഘാടനവും നടത്തപ്പെട്ടു.
കോട്ടയം അതിരൂപത മുൻ കെ സി വൈ എൽ പ്രസിഡന്റ് ഷിനോയ് മഞ്ഞാങ്കൽ ജനറൽ കൺവീനർ ആയ ദശാബ്ദി ആഘോഷങ്ങൾക്ക് ഫാ. ഷാജി പൂത്തറ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. പ്രിൻസ് തൈപുരയിടത്തിൽ മറ്റു വൈദികർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, പ്രസുദേന്തിമാർ എന്നിവർ സന്നിഹിതരായിരുന്നു.
അടുത്ത ഒരു വർഷത്തേക്കുള്ള കർമ്മ പരിപാടികളുടെ പ്രകാശനം ഫാ. സിജീഷ് പുല്ലൻകുന്നേൽ നിർവഹിച്ചു.
ഇടവകയുടെ വളർച്ചയ്ക്കും ദശാബ്ദി ആഘോഷങ്ങളുടെ വിജയത്തിനും എല്ലാവരുടെയും പ്രാർഥനയും സഹകരണവും ഉണ്ടായിരിക്കണമെന്ന് വികാരി അഭ്യർഥിച്ചു.
എത്തിച്ചേർന്ന എല്ലാ വിശ്വാസികളെയും തിരുനാളിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും വികാരി റവ. ഫാദർ പ്രിൻസ് തൈപുരയിടത്തിൽ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
ജനറൽ കൺവീനർ സിജോ ചാലയിൽ, കൈക്കാരന്മാരായ ആശിഷ് വയലിൽ, നിഷാദ് പുലിയന്നൂർ, സെക്രട്ടറി ഫിലിപ്സ് കുരീക്കോട്ടിൽ, തിരുന്നാൾ കമ്മിറ്റി അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗ ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.