സെപ്റ്റംബർ മാസം വരെയുള്ള പന്ത്രണ്ട് മാസത്തിൽ നാണയപ്പെരുപ്പം 7.3 ശതമാനമായതായി ഓസ്ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് 1990ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
നാണയപ്പെരുപ്പം അടിയന്തരമായി നിയന്ത്രണത്തിൽ കൊണ്ടുവരേണ്ട വിഷയമായി ട്രഷറർ ജിം ചാമേഴ്സ് പറഞ്ഞു.
ജീവിത ചെലവ് കുതിച്ചുയർന്നിരിക്കുന്ന വസ്തുത മനസ്സിലാക്കുന്നതായി ട്രഷറർ ഇന്ന് കാൻബറയിൽ പ്രസ്സ് മീറ്റിൽ പറഞ്ഞു.
2022 സെപ്തംബർ പാദത്തിൽ ഉപഭോക്തൃ വില സൂചിക 1.8 ശതമാനം ഉയർന്നതായാണ് ABS റിപ്പോർട്ട് ചെയ്തത്.
പൊതുജനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി നാണയപ്പെരുപ്പം മാറിയിരിക്കുന്നുവെന്ന് ജിം ചാമേഴ്സ് പറഞ്ഞു.
ജീവിതച്ചെലവ് കുറയ്ക്കാൻ ബജറ്റിൽ അടിയന്തര നടപടികൾ സ്വീകരിക്കാത്തതിനെ ചാമേഴ്സ് ന്യായീകരിച്ചു.
കർശന മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ജീവിതച്ചെലവ് കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള ബജറ്റിലെ സാമ്പത്തിക നയങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതെസമയം, ബജറ്റ് നടപടികൾ ഓസ്ട്രേലിയയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നത് ഒഴിവാക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസി പറഞ്ഞു.
ഓസ്ട്രേലിയയുടെ ദീർഘകാല ഭാവി കണക്കിലെടുത്താണ് ബജറ്റ് നയങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിലക്കയറ്റം തുടരുന്നു
വീട് വാങ്ങിയവർ (+3.7 ശതമാനം), ഗ്യാസ്, മറ്റ് ഗാർഹിക ഇന്ധനങ്ങൾ (+10.9 ശതമാനം), ഫർണിച്ചറുകൾ (+6.6 ശതമാനം) എന്നിവയാണ് ഏറ്റവും കൂടുതൽ വില വർദ്ധനവ് ഉണ്ടായ മേഖലകളെന്ന് ABSന്റെ പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ 3.2 ശതമാണം വരെയുള്ള വർദ്ധനവും റിപ്പോർട്ട് ചെയ്തു.
ഈ വര്ഷമവസാനത്തോടെ നാണയപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നാണ് കണക്ക്കൂട്ടുന്നത്. 7.75 ലേക്ക് ഉയരുമെന്നാണ് പ്രവചിക്കുന്നത്.
2023-24 ൽ നിരക്ക് 3.5 ലേക്ക് കുറയുമെന്നാണ് പ്രവചനം.
കടപ്പാട്: SBS മലയാളം