പാലക്കാട്> ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം പട്ടാമ്പി വിളയൂർ ശാന്തിപുരത്ത് വീട്ടിൽ അമീർ അലി (36) അറസ്റ്റിൽ. പ്രത്യേക അന്വേഷക സംഘം ബുധനാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
ഗൂഢാലോചന, പ്രതികളെ ഒളിപ്പിക്കാൻ സഹായിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് കുറ്റം. ഒളിവിൽപ്പോയ പ്രതികൾക്ക് ഇപ്പോഴും അമീർ അലി സഹായം നൽകുന്നതായി പൊലീസ് കണ്ടെത്തി. ആദ്യമായാണ് എസ്ഡിപിഐ നേതൃത്വത്തിലുള്ള ഒരാൾ ഈ കേസിൽ അറസ്റ്റിലാകുന്നത്. ഇതുവരെ അറസ്റ്റിലായവർ നിരോധിത സംഘടനയായ പോപ്പുലർഫ്രണ്ട് നേതാക്കളും പ്രവർത്തകരുമാണ്. ആറുദിവസം മുമ്പ് മേപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് നൂറണി വെണ്ണക്കര പണിക്കത്തറ ബഷീർ(43)ആണ് അറസ്റ്റിലായിരുന്നു. ഇതുവരെ അറസ്റ്റിലായവർ 30 ആയി.