ദുബായ്> സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനോടനുബന്ധിച്ച് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ യു എ ഇ യും ഇന്ത്യയും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 100 ബില്യൺ ഡോളറായി ഉയരുമെന്നും, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചതോടെ, പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഇന്ത്യ- യു എ ഇ വ്യാപാരം കൂടുതൽ ശക്തമായി എന്നും ബന്ധപ്പെട്ടവർ അറിയിച്ചു. അടുത്ത പത്ത് വർഷത്തിനുള്ളിൽ പതിനായിരത്തിലധികം ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും താരിഫ് ഒഴിവാക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യം ശക്തിപ്പെടുകയും ചെയ്യും.
ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കരാർ നിലവിൽ വന്നതിനുശേഷം ഇന്ത്യയുടെ എണ്ണ ഇതര വ്യാപാരത്തിൽ 14ശതമാനം വർദ്ധനയുണ്ടായി. ഡിപി വേൾഡുമായി സഹകരിച്ചുകൊണ്ട് ഉത്പാദനം, നിക്ഷേപം, കയറ്റുമതി എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള “മേക്കിങ് ഇന്ത്യ ഇനിഷ്യേറ്റീവ് പ്രോജക്ടും”, “പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയും” കൂടുതൽ കാര്യക്ഷമമാകും. ഇന്ത്യൻ നിർമാതാക്കൾക്ക് യു-സ്റ്റോറേജ്, ഹാൻഡ്ലിംഗ്, പാക്കേജിങ്, ലോജിസ്റ്റിക്സ് എന്നിങ്ങനെയുള്ള നിരവധി സൗകര്യങ്ങൾ ഒരുക്കുന്നതിനാൽ ഇന്ത്യൻ നിർമ്മാതാക്കൾക്ക് ദുബായിൽ പ്രാദേശികമായി അവരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ഉള്ള സൗകര്യം ലഭിക്കും.