തിരുവനന്തപുരം
കാലിക മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ കോഴ്സുകളും പഠനോപാധികളും സമകാലികമാക്കണമെന്ന ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമീഷൻ ശുപാർശ ഉടൻ നടപ്പാക്കും. നൂതന വിഷയങ്ങൾ ഉൾക്കൊള്ളുന്ന അഞ്ചു വർഷത്തെ പ്രോജക്ട് മോഡ് കോഴ്സുകൾ ആരംഭിക്കണമെന്ന നിർദേശമാണ് കമീഷൻ ശുപാർശകളിൽ പ്രധാനം. ഇതനുസരിച്ച് ആദ്യഘട്ടത്തിൽ ഏഴു സർവകലാശാലയിൽ മൂന്നുവീതം കോഴ്സ് ആരംഭിക്കാൻ സർക്കാർ തലത്തിൽ തീരുമാനമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ചു വർഷത്തെ അനുഭവങ്ങൾ വിലയിരുത്തി അനിവാര്യ മാറ്റങ്ങളോടെ തുടരേണ്ടവ തുടരും. പൂർണമായും മാറ്റേണ്ടവ മാറ്റിയും പുതിയ കോഴ്സുകൾ ആരംഭിച്ചും പദ്ധതി മുന്നോട്ടുപോകും. ലോക സാഹചര്യങ്ങൾക്ക് അനുസരിച്ചാകും കോഴ്സുകൾ തെരഞ്ഞെടുക്കുക. കോഴ്സ് ആരംഭിച്ചാൽ അത് എല്ലാ കാലത്തേക്കും നിലനിർത്തുന്നതിൽ വലിയ അർഥമില്ല. അത് ഒഴിവാക്കാൻ പദ്ധതി സഹായകമാകും. വിദഗ്ധരായ അധ്യാപകരെ കോഴ്സ് കാലാവധിക്ക് അനുസരിച്ച് കരാറടിസ്ഥാനത്തിൽ നിയമിക്കും.
അതിഥി അധ്യാപക നിയമനം പൂർണമായും ഒഴിവാക്കണം. പകരം അഞ്ചുവർഷ കോഴ്സിന്റെ ആവശ്യകത അനുസരിച്ച് അധ്യാപകരെ നിയമിക്കാം. ഇവർക്ക് സ്ഥിരാധ്യാപകരുടെ ശമ്പളവും ആനുകൂല്യങ്ങളും നൽകണം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾക്ക് ഊന്നൽ നൽകി 50 കോളേജിലും സർവകലാശാല പഠനവകുപ്പുകളിലും 10 നൂതന കോഴ്സ് ആരംഭിക്കണമെന്നും ശുപാർശയുണ്ട്.