അബുദാബി> പ്രകൃതിദത്ത ഊർജ്ജസ്രോതസ്സുകളുടെ ഉറവിടം കൂടുതൽ ഖനനം ചെയ്യുന്നതിന്റെ ഭാഗമായി കടലിനുള്ളിൽ നിന്നും കാറ്റാടി ഊർജ്ജം ഉൽപാദിപ്പിക്കുന്നതിന് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഓഫ്ഷോർ വിൻഡ് ഡെവലപ്പറായ സ്കൈബോൺ റിന്യൂവബിൾസുമായി അബുദാബിയിലെ കമ്പനിയായ മുബാദ്ല ഇൻവെസ്റ്റ്മെന്റ് നിക്ഷേപം നടത്തുന്നു.
ജർമ്മനിയിലെ ബ്രെമനിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈബോൺ റിന്യൂവൾസ് നാളിതുവരെയായി 7GW-ലധികം ഓഫ്ഷോർ വിൻഡ് ട്രാക്ക് റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. ജർമ്മനി, ഫ്രാൻസ്, തായ്വാൻ എന്നിവിടങ്ങളിൽ പ്രോജക്ടുകൾ ആരംഭിക്കുന്ന ഈ കമ്പനിക്ക് ഓഫ്ഷോർ കാറ്റാടി പദ്ധതികൾ ഉൾപ്പെടെ നിലവിൽ 30 ജി ഡബ്ല്യു പൈപ്പ് ലൈൻ ഉണ്ട്.
അടുത്ത 15 വർഷത്തിനുള്ളിൽ മികച്ച പുനരുപയോഗ ഊർജ്ജ മേഖലകളിൽ ഒന്നായി ഓഫ്ഷോർ കാറ്റാടി ഊർജ്ജ പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ടാറ്റാ പവർ പുനരുപയോഗ ഊർജ്ജ വിഭാഗത്തിലേക്ക് 525 മില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങുന്ന ബ്ലാക്ക് റോക്ക് റിയൽ അസറ്റ്സിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന്റെ ഭാഗം കൂടിയാണ് അബുദാബി കമ്പനിയായ മുബാദ്ല.















