മനാമ > ബഹ്റൈനില് നിയമാനുസൃതമായി ജോലി ചെയ്യാന് താല്പ്പര്യപ്പെടുന്ന പ്രവാസികള്ക്ക് വര്ക്ക് പെര്മിറ്റ് കാര്ഡ് അനുവദിക്കും. വൈദഗ്ധ്യമുള്ളവരും യോഗ്യരുമായ തൊഴിലാളികള് ലേബര് രജിസ്ട്രേഷന് സെന്ററില് രജിസ്റ്റര് ചെയ്യണമെന്ന് തൊഴില് മന്ത്രി ജമീല് ബിന് മുഹമ്മദ് അലി ഹുമൈദാന്, എല്.എം.ആര്.എ സിഇഒ നൂഫ് അബ്ദുല്റഹ്മാന് ജംഷീര്, ബഹ്റൈന് ചേംബര് ചെയര്മാന് സമീര് നാസ് എന്നിവര് വാര്ത്താസമ്മേളനത്തില് അറിയിച്ചു.
ഓണ്ലൈനിലും ലേബര് രജിസ്ട്രേഷന് സെന്ററിലും രജിസ്ട്രേഷന് സൗകര്യമൊരുക്കും. രജിസ്റ്റര് ചെയ്യുന്ന തൊഴിലാളികളുടെ പൂര്ണ്ണ വിവരങ്ങള് ഇവിടെ സൂക്ഷിക്കും. പ്രവാസി തൊഴിലാളികളുടെ സമഗ്രമായ വിവരശേഖരണമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അവര് വിശദീകരിച്ചു.
രജിസ്റ്റര് ചെയ്യുന്ന തൊഴിലാളികള്ക്ക് പ്രത്യേക വര്ക്ക് പെര്മിറ്റ് കാര്ഡ് അനുവദിക്കും. തൊഴിലാളിയുടെ ഫോട്ടോ, തൊഴില്, പേര്, സി.പി.ആര് നമ്പര് എന്നിവ ഇതില് രേഖപ്പെടുത്തിയിരിക്കും. രജിസ്ട്രേഷനും മറ്റ് നടപടികളും ഉടന്തന്നെ ആരംഭിക്കും.
ഫ്ളെക്സി വിസക്ക് പകരമായാണ് പുതിയ സംവിധാനം പ്രവര്ത്തിക്കുക. വര്ക്ക് പെര്മിറ്റ് കാര്ഡ് സ്വന്തമാക്കിയവര്ക്കാണ് ബഹ്റൈനില് ജോലി തുടരാന് സാധിക്കുക.
നിലവില് ഫ്ളെക്സി വിസയില് ജോലി ചെയ്യുന്നവരും മതിയായ രേഖകളില്ലാത്തവരും ലേബര് രജിസ്ട്രേഷന് സെന്ററില് രജിസ്റ്റര് ചെയ്യണമെന്ന് എല്എംആര്എ നേരത്തെ അറിയിച്ചിരുന്നു.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള് സംരക്ഷിക്കുന്ന തരത്തിലാണ് സംവിധാനം നടപ്പാക്കുന്നതെന്ന് തൊഴില് മന്ത്രി പറഞ്ഞു. എല്ലാ തൊഴിലുകളിലും നിശ്ചിത മാനദണ്ഡം ഏര്പ്പെടുത്തും. ഇതുസംബന്ധിച്ച വിശദാംശങ്ങള് ഉടന്തന്നെ പുറത്തുവിടും. മികച്ച നിലവാരുമുള്ള തൊഴിലാളികളാണ് രാജ്യത്തേക്ക് വരുന്നതെന്ന് ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഫ്ളെക്സി വിസ നിര്ത്തലാക്കണമെന്ന് ദീര്ഘനാളായി വ്യവസായ സമൂഹം ആവശ്യപ്പെടുന്നതാണെന്ന് ബഹ്റൈന് ചേംബര് ചെയര്മാന് സമീര് നാസ് പറഞ്ഞു. സ്വദേശികള്ക്കും പ്രവാസികള്ക്കും തുല്യവസരമൊരുക്കുന്നതാണ് പുതിയ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. വിസിറ്റ് വിസയില് തൊഴില് തേടി രാജ്യത്തെത്തുന്നവര് ജോലി ലഭിച്ചാല് രാജ്യത്തിന് പുറത്തുപോയി വരണമെന്ന നിബന്ധന ഏര്പ്പെടുത്തണമെന്നും അദ്ദേഹം നിര്ദ്ദേശിച്ചു.
അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധന ശക്തിപ്പെടുത്തിയതായി എല്എംആര്എ സിഇഒ നൂഫ് അബ്ദുല് റഹ്മാന് ജംഷീര് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില് രാജ്യത്തിെന്റ വിവിധ ഭാഗങ്ങളില് വ്യാപക പരിശോധന നടത്തി. പിടിയിലാകുന്നവര്ക്കെതിതെ നാടുകടത്തല് ഉള്പ്പെടെ നിയമനടപടി സ്വീകരിക്കും.
രാജ്യത്തെ തൊഴില് മേഖലയില് സമൂല പരിഷ്കരണമാണ് അധികൃതര് ലക്ഷ്യമിടുന്നത്. മതിയായ യോഗ്യതയും കാര്യക്ഷമതയുമുള്ള തൊഴിലാളികളെ മാത്രം കൊണ്ടുവന്ന് മികച്ച തൊഴില് അന്തരീക്ഷം ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്.