തിരുവനന്തപുരം
മന്ത്രിമാരെ പിരിച്ചുവിടുമെന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ ഭീഷണിയോടെ പൊതുസമൂഹത്തിൽ ചർച്ചയാകുന്നത് രാജ്ഭവന്റെ ‘അന്തസ്സ്’. പ്രതികരണങ്ങളിലും പ്രതിഷേധങ്ങളിലും അത് വ്യക്തം. സ്വന്തം പദവിയുടെ അന്തസ്സ് കളഞ്ഞുകുളിക്കുകയാണ് ആരിഫ് മൊഹമ്മദ് ഖാനും അദ്ദേഹത്തിന്റെ ഓഫീസും.
ലോകം ആദരിക്കുന്ന ചരിത്രകാരനായ ഇർഫാൻ ഹബീബെന്ന വന്ദ്യവയോധികനെ ക്രിമിനലെന്നും തെരുവുഗുണ്ടയെന്നും വിശേഷിപ്പിച്ചത് ഇതേ ഗവർണറാണ്. മാധ്യമങ്ങൾ വഴി നിരന്തരമായി പ്രതികരിച്ച് സർക്കാരിനെ പഴി പറഞ്ഞുകൊണ്ടായിരുന്നു ആരിഫ് മൊഹമ്മദ് ഖാന്റെ തുടക്കം. ഒടുവിൽ രാജ്ഭവനിൽ പത്രസമ്മേളനം വിളിച്ച് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പണ്ഡിതരെയും അധിക്ഷേപിച്ചു. പതിവിന് വിപരീതമായി അന്ന് കുറെ ചോദ്യങ്ങളെ നേരിടേണ്ടിവന്ന ഗവർണർക്ക് ഉത്തരംമുട്ടി. തൊട്ടടുത്ത ദിവസം ഡൽഹിയിലെത്തിയ ഗവർണർ മലയാള മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ് പിണങ്ങി. തനിക്കുവേണ്ടി മുഖ്യമന്ത്രിയെ ചോദ്യംചെയ്യുന്നില്ലെന്നായിരുന്നു പരിഭവം.
പൊതുജനാരോഗ്യരംഗത്ത് അടിയന്തര ആവശ്യമായിരുന്ന ഓർഡിനൻസടക്കം രാജ്ഭവനിൽ തടഞ്ഞുവച്ചു. നിയമം പാസാക്കൂ എന്നായിരുന്നു ന്യായമായി ഗവർണർ പറഞ്ഞത്. ഏറ്റുമുട്ടലിന് പോകാതെ അടിയന്തര നിയമസഭ വിളിച്ച് സർക്കാർ പാസാക്കിയ ബില്ലുകളടക്കം ഒപ്പിടാതെ മാറ്റിവച്ചു. വ്യക്തിപരമായി തനിക്കെതിരെ ആക്ഷേപങ്ങൾ ചൊരിഞ്ഞപ്പോൾ മുഖ്യമന്ത്രിതന്നെ അതിന് അക്കമിട്ട് മറുപടി പറഞ്ഞു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുശേഷം സ്ഥാനനഷ്ടത്തിൽ ആരിഫ് മൊഹമ്മദ് ഖാന് ഹാലിളകി എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ ചർച്ച. ആർഎസ്എസിനെ തൃപ്തിപ്പെടുത്താനുള്ള തത്രപ്പാട് പലപ്പോഴായി പുറത്തുവന്നു. അതിനുതകുംവിധം സംഘപരിവാർ ബന്ധമുള്ള ചിലരെ രാജ്ഭവനിൽ നിയമിച്ചതോടെ എല്ലാ പരിധിയും ലംഘിച്ചു. താൻ രാജാവാണെന്ന് ഗവർണറും കൊട്ടാരം അധിപരാണ് തങ്ങളെന്ന് സ്റ്റാഫും തെറ്റിദ്ധരിച്ചുവശായതിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നത്.















