കൊച്ചി
ആഭിചാരക്കൊലക്കേസ് ഒന്നാംപ്രതി മുഹമ്മദ് ഷാഫി ഒരു കൊലപാതകംകൂടി നടത്തിയതായി സംശയിച്ച് പൊലീസ്. സംസ്ഥാനത്ത് കാണാതായ ഒരു സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊലപാതകം സംശയിക്കുന്നത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇലന്തൂരിൽ കൂടുതൽ മൃതദേഹങ്ങൾ ഇല്ലെന്ന നിഗമനത്തിലാണ് അന്വേഷകസംഘം.
കൂടുതൽ തെളിവ് നിരത്തിയപ്പോഴാണ് പത്മയുടെയും റോസിലിയുടെയും കൊലപാതകങ്ങളിലെ പങ്ക് ഷാഫി സമ്മതിച്ചത്. ഇതേരീതിയിൽ അന്വേഷകസംഘം മൂന്നാമത് നടന്നത് കൊലപാതകമാണെന്ന് സമർഥിക്കുന്ന തെളിവുകൾ ശേഖരിച്ച് ഷാഫിയുടെ പങ്കാളിത്തം പുറത്തു കൊണ്ടുവരാനാണ് നീക്കം. രണ്ടാംപ്രതി ഭഗവൽസിങ്ങിനും മൂന്നാംപ്രതി ലൈലയ്ക്കും ഈ കേസിൽ പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. അജ്ഞാത മൃതദേഹങ്ങൾ എടുക്കാൻ പൊലീസിനെ സഹായിച്ചതുവഴിയും പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം സഹായിയായും പ്രവർത്തിച്ച പരിചയവുമാണ് മൃതദേഹങ്ങൾ കാണുമ്പോഴുള്ള അറപ്പ് മാറ്റിയതെന്ന് പൊലീസ് പറയുന്നു.
മുഹമ്മദ് ഷാഫിയുടെ
ഡിഎൻഎ ഫലം നിർണായകം
ആഭിചാരക്കൊല കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫിയുടെ ഡിഎൻഎ ഫലം ഇയാളുടെ മുൻകാല കുറ്റകൃത്യങ്ങൾ കണ്ടെത്താൻ പൊലീസിനെ സഹായിക്കും. കൊലപാതകികളെ കണ്ടെത്താനാകാത്ത കേസിൽ പ്രതിയുടെ ഡിഎൻഎ ഫലം പൊലീസിന്റെ കൈവശമുണ്ടെങ്കിൽ അതുമായി സാമ്യമുണ്ടോയെന്ന് പരിശോധിക്കാനാകും. ഷാഫിയുടെ മുൻകാല കുറ്റകൃത്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. 16–-ാംവയസ്സിൽ വീട് വിട്ടശേഷം 52 വയസ്സുവരെയുള്ള പ്രവർത്തനമേഖലകളെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. തെളിയാത്ത ഏതെങ്കിലും കേസിൽ ഷാഫിക്ക് പങ്കുണ്ടോയെന്ന് ഡിഎൻഎ പരിശോധനയിൽ അറിയാൻ സാധിക്കും.
മനുഷ്യമാംസം വിൽക്കാമെന്ന്
ഷാഫി വിശ്വസിപ്പിച്ചു
മനുഷ്യമാംസം വിറ്റാൽ പണം ലഭിക്കുമെന്ന് ഇലന്തൂർ ആഭിചാരക്കൊല കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫി രണ്ടും മൂന്നും പ്രതികളായ ഭഗവൽസിങ്ങിനെയും ലൈലയെയും വിശ്വസിപ്പിച്ചിരുന്നതായി വെളിപ്പെടുത്തൽ. മനുഷ്യമാംസം വിറ്റാൽ 20 ലക്ഷം രൂപവരെ കിട്ടുമെന്നായിരുന്നു വാഗ്ദാനം. കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേക വില കിട്ടുമെന്നും ഷാഫി വിശ്വസിപ്പിച്ചു.
കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസം മാംസം വാങ്ങാൻ ബംഗളൂരുവിൽനിന്ന് ആളെത്തുമെന്നാണ് പറഞ്ഞിരുന്നത്. ഇതിനാണ് മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. രണ്ട് സ്ത്രീകളുടെയും ആന്തരികാവയവങ്ങളും ചില ശരീരഭാഗങ്ങളുമായി 10 കിലോ മാംസമാണ് സൂക്ഷിച്ചത്. ആളുവരില്ലെന്ന് പറഞ്ഞ് പിന്നീടിത് കുഴിച്ചിട്ടു.
കൊലപാതകത്തിന്റെ പേരിൽ ഭഗവൽസിങ്ങിനെ ബ്ലാക്ക് മെയിൽ ചെയ്യാനും ഷാഫി പദ്ധതിയിട്ടിരുന്നു. കുടുംബത്തിന് അഭിവൃദ്ധി ഉണ്ടാക്കിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ദമ്പതികളിൽനിന്ന് പലപ്പോഴായി ആറുലക്ഷം രൂപ വാങ്ങിയിരുന്നു. ഈ പണം ഇവർ തിരിച്ചുചോദിച്ചു. കൊലപാതകത്തിൽ ഇരുവരെയും പങ്കാളികളാക്കിയാൽ ബ്ലാക്ക് മെയിൽ ചെയ്ത് കൂടുതൽ പണം വാങ്ങിയെടുക്കാമെന്ന് കരുതിയതായും ഷാഫി ചോദ്യംചെയ്യലിൽ പറഞ്ഞു.
പത്മയുടെ സ്വർണം പണയം വച്ച സ്ഥാപനത്തിൽ തെളിവെടുപ്പ്
ആഭിചാരക്കൊലയ്ക്ക് ഇരയാക്കിയ പത്മയുടെ സ്വർണം പണയം വച്ച ധനസ്ഥാപനത്തിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പത്മയുടെ മൃതദേഹത്തിൽനിന്ന് ഊരിയെടുത്ത 39 ഗ്രാം സ്വർണാഭരണങ്ങൾ പണയംവെച്ച ചിറ്റൂർ റോഡിലെ സ്വകാര്യ ധനസ്ഥാപനത്തിലായിരുന്നു തെളിവെടുപ്പ്. 1,10,000 രൂപയാണ് ഷാഫി വാങ്ങിയത്.
തിങ്കൾ വൈകിട്ടോടെയാണ് ഷാഫിയെ തെളിവെടുപ്പിനെത്തിച്ചത്. സ്വർണം പൊലീസ് കസ്റ്റഡിയിലെടുത്തു. പണയരസീത് ഷാഫിയുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. പണയ തുകയിൽ 40,000 രൂപ വണ്ടി വിറ്റുകിട്ടിയ പണമാണെന്ന് പറഞ്ഞ് ഭാര്യ നഫീസയ്ക്ക് നൽകിയതായി ഷാഫി സമ്മതിച്ചിരുന്നു. പത്മക്ക് ആറുപവന്റെ ആഭരണങ്ങളുണ്ടായിരുന്നതായി സഹോദരി പഴനിയമ്മ വെളിപ്പെടുത്തിയിരുന്നു. ബാക്കി സ്വർണം ഷാഫി എവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.പ്രതികളായ ഷാഫി, ഭഗവൽസിങ്, ലൈല എന്നിവരുടെ ഡിഎൻഎ സാമ്പിൾ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ശേഖരിച്ചു.
റോസിലിയുടെ സ്വർണം പണയം വച്ചത്
ഭഗവൽസിങ്
ആലുവ സ്വദേശി റോസിലി വർഗീസിന്റെ സ്വർണാഭരണങ്ങൾ പണയം വച്ചത് രണ്ടാംപ്രതി ഭഗവൽസിങ്ങാണെന്ന് സൂചന. പത്തനംതിട്ടയിലുള്ള സ്വകാര്യ ധനസ്ഥാപനത്തിലാണിത് പണയം വച്ചത്. എത്ര പവനാണെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല.