റിയാദ്> അന്താരാഷ്ട്ര തുറമുഖ സൂചികയിൽ സൗദി അറേബ്യയിലെ കിംഗ് അബ്ദുള്ള തുറമുഖം ആദ്യസ്ഥാനം കരസ്ഥമാക്കി. മക്ക പ്രവിശ്യയിലെ റാബിഗ് ഗവർണറേറ്റിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന വാണിജ്യ തുറമുഖം 2019 ഫെബ്രുവരിയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഉദ്ഘാടനം ചെയ്തത്.
സ്വകാര്യമേഖല കൈകാര്യം ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് കിംഗ് അബ്ദുള്ള തുറമുഖം. 2021 ലെ ഗ്ലോബൽ കണ്ടെയ്നർ പോർട്ട് പെർഫോമൻസ് ഇൻഡക്സിലും തുറമുഖം ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. തന്ത്രപരമായി സ്ഥിതിചെയ്യുന്ന തുറമുഖം നിരവധി പ്രധാന വിപണികൾക്ക് സേവനം നൽകുന്നു. ഏഷ്യ, യൂറോപ്പ് ഭൂഖണ്ഡങ്ങൾ തമ്മിലുള്ള വ്യാപാര വിനിമയത്തിനുള്ള പ്രധാന ആകർഷണമാണ് തുറമുഖം.
മിഡിൽ ഈസ്റ്റ്, അറേബ്യൻ ഗൾഫ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിപണികളെ സേവിക്കാൻ തികച്ചും അനുയോജ്യമായ ഒരു പ്രധാന ഭൂമിശാസ്ത്രപരമായ സ്ഥാനം ഈ തുറമുഖത്തിന്റെ സവിശേഷതയാണ്. ജിദ്ദ, റാബിഗ്, യാൻബു എന്നിവിടങ്ങളിലെ വ്യാവസായിക പദ്ധതികൾക്കും ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലെ ജനസാന്ദ്രത കേന്ദ്രങ്ങൾക്കും സമീപമായാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്.
ലോകബാങ്കും സ്റ്റാൻഡേർഡ് ആന്റ് പുവേഴ്സ് ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസും ചേർന്ന് പുറത്തിറക്കിയ 2021 വർഷത്തിൽ ആഗോളതലത്തിൽ കണ്ടെയ്നർ തുറമുഖങ്ങളുടെ പ്രകടനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര റിപ്പോർട്ട് പ്രകാരം ജിദ്ദയിലെ ഇസ്ലാമിക് പോർട്ട് ലോകത്ത് എട്ടാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ, മക്ക മേഖലയുടെ ആക്ടിംഗ് ഗവർണർ ബദർ ബിൻ സുൽത്താൻ രാജകുമാരൻ ഇന്നലെ ജിദ്ദയിലെ എമിറേറ്റ് ആസ്ഥാനത്ത് ജനറൽ അതോറിറ്റി ഓഫ് പോർട്ട്സ് മേധാവി ഉമർ ബിൻ തലാൽ ഹരീരിയിൽ നിന്ന് വികസന പദ്ധതികൾ ഉൾപ്പെടുന്ന റിപ്പോർട്ട് സ്വീകരിച്ചു.
ജിദ്ദ ഇസ്ലാമിക് പോർട്ടിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സംയോജിത ലോജിസ്റ്റിക് സേവന മേഖല സ്ഥാപിക്കൽ, തുറമുഖത്തെ തെക്കൻ കണ്ടെയ്നർ ടെർമിനൽ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിക്കൽ, പാസഞ്ചർ ടെർമിനലിന്റെ വികസനം തുടങ്ങിയവ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഉൾപ്പെടുന്നു.