മക്ക > ആഗോള മുസ്ലിംകളുടെ പുണ്യഗേഹമായ വിശുദ്ധ കഅബാലയം കഴുകി. സൗദി ഭരണാധികാരിയായ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിനെ പ്രതിനിധീകരിച്ച് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന് സല്മാന് രാജകുമാരൻ ചൊവ്വാഴ്ച്ച പുലര്ച്ചെ വിശുദ്ധ കഅബയുടെ കഴുകലിന് നേതൃത്വം നല്കിയത്. സഊദി കായിക മന്ത്രി അബ്ദുല് അസീസ് ബിന് തുര്ക്കി രാജകുമാരനോടൊപ്പം ഹറം പള്ളിയിലെത്തിയ കിരീടാവകാശിയെ ഇരു ഹറം വകുപ്പ് കാര്യാലയ മേധാവി ശൈഖ് ഡോ.അബ്ദുറഹ്മാന് അല് സുദൈസ് സ്വീകരിച്ചു. തുടര്ന്ന് കഅബാലയത്തെ ഏഴു തവണ പ്രദക്ഷിണം ചെയ്തു. അതിനെത്തുടർന്നുള്ള രണ്ട് റകഅത്ത് സുന്നത്ത് നിസ്കാരവും നിര്വഹിച്ച ശേഷമാണ് കിരീടാവകാശിയും പ്രമുഖരും കഴുകല് കര്മം നിര്വഹിക്കാനായി വിശുദ്ധ മന്ദിരത്തിനുള്ളിലേക്ക് പ്രവേശിച്ചത്.
പ്രവാചകന് മുഹമ്മദ് നബി (സ) മാതൃക പിന്തുടർന്ന് നാല് ഖലീഫമാരും തുടർന്ന് വന്ന ഭരണാധികാരികളൂം സമയമോ തിയ്യതിയോ കിപ്തപ്പെടുത്താതെ വിശുദ്ധ കഅ്ബയെ ശുദ്ധമാക്കി നിലനിർത്തുന്നതിനുള്ള കഴുകൽ ചടങ്ങ് നടത്തിപ്പോന്നു. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൽ അസീസ് ആലു സഊദ് രാജാവിന്റെ കാലഘട്ടം മുതൽ, എല്ലാ വർഷവും രണ്ട് തവണ കഅബ കഴുകുന്ന പതിവ് നടപ്പിലാക്കിപ്പോന്നിരുന്നു. ഒന്ന് ശഅബാൻ പതിനഞ്ചിലും രണ്ടാമത്തേത് മുഹറം മാസത്തിലും, എന്നാൽ രാജകല്പന പ്രകാരം വർഷത്തിൽ രണ്ടു തവണ കഴുകുന്നത് മാറ്റി ഒരു തവണ മുഹറം മാസം പതിനഞ്ചിനാണ് കഅബ കഴുകല് ചടങ്ങ് നിര്വഹിച്ചു വരുന്നത്.
ത്വായിഫ് ഗവര്ണര് പ്രിന്സ് സഊദ് ബിന് നഹാർ ബിന് സഊദ്, ജിദ്ദ ഗവര്ണര് പ്രിന്സ് സഊദ് ബിന് അബ്ദുല്ല ബിന് ജലവി, ഉന്നത പണ്ഡിത സഭ അംഗങ്ങളായ ശൈഖ് സ്വാലിഹ് ബിന് അബ്ദുല്ല ബിന് ഹുമൈദ്, ശൈഖ് അബ്ദുല്ല ബിന് മുഹമ്മദ് അല് മുത്ലഖ്, ശൈഖ് സഅദ് ബിന് നാസര് അല് ശത് രി , ശൈഖ് ബന്ദര് ബിന് അബ്ദുല് അസീസ് ബലീല, കഅ്ബയുടെ സൂക്ഷിപ്പുകാരായ ബനൂ ശൈബ കുടുംബാംഗങ്ങള് എന്നിവര് വിശുദ്ധ കഅബയുടെ കഴുകല് ചടങ്ങില് പങ്കാളികളായി.
സൗദി രാജാവോ അദ്ദേഹത്തിന്റെ പ്രതിനിധിയോ വിശുദ്ധ കഅ്ബയുടെ അകത്ത് നിന്ന് പനിനീർ കലർന്ന സംസം വെള്ളത്തിൽ കഴുകുകയും ആ വെള്ളത്തിൽ നനച്ച തുണിക്കഷണങ്ങൾ ഉപയോഗിച്ച് അതിന്റെ ചുമരുകൾ തുടയ്ക്കുകയും ചെയ്യുന്ന രീതിയിലാണ് കഴുകൽ ചടങ്ങ്.
പ്രസിദ്ധമായ താഇഫ് പനിനീരും ഊദും മറ്റു സുഗന്ധദ്രവ്യങ്ങളും കലര്ത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് പുണ്യ ഗേഹത്തിനകം കഴുകിയത്. 45 ലിറ്റർ സംസം വെള്ളവും 50 തോല തായിഫ് പനിനീർ ആഡംബരമുള്ള കമ്പോഡിയൻ ഊദും ആണ് ഉപയോഗിച്ചത്.
വെള്ള ടവലുകള് ഉപയോഗിച്ച് തുടച്ചെടുക്കുന്ന പുണ്യമന്ദിരത്തിന്റെ അകത്തെ ഭിത്തികള് റോസാപ്പൂവിന്റെയും ഊദിന്റെയും സുഗന്ധദ്രവ്യങ്ങളില് മുക്കിയാണ് വൃത്തിയാക്കുന്നത്. അതിഥികൾ കഅബയുടെ ഉള്ളിൽ നിന്ന് പുറത്തിറങ്ങിയ ശേഷം, റോസിന്റെ സുഗന്ധം കലര്ന്ന സംസം വെള്ളം തറയില് തളിച്ച ശേഷം ഈന്തപ്പന ഉപയോഗിച്ചാണ് അതിന്റെ മാർബിൾ പൂശിയ തറയുടെ ശുദ്ധീകരണം പൂര്ത്തിയാക്കുന്നത്.