പാലക്കാട് > കുന്നങ്കാട് സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം എസ് ഷാജഹാന്റെ കൊലപാതകത്തിലെ മുഴുവൻ പ്രതികളും പൊലീസ് പിടിയിലെന്ന് സൂചന. പ്രതി ചേർക്കപ്പെട്ട എട്ട് പേരും പ്രത്യേക സംഘത്തിന്റെ പിടിയിലായെന്നാണ് വിവരം. മലമ്പുഴയിലെ വനമേഖലയോട് ചേർന്ന പ്രദേശത്ത് നിന്നാണ് പിടികൂടിയതെന്നാണ് സൂചന. പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ അറസ്റ്റ് ബുധനാഴ്ചയുണ്ടാകും.
പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലമ്പുഴയിലെ വനമേഖലയോട് ചേർന്ന് സംഘമുണ്ടെന്ന് മനസിലാക്കിയത്. കൊലപാതശേഷം പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഇവർക്ക് ജനശ്രദ്ധയില്ലാതെ കഴിയാൻ പറ്റുന്ന ഒരിടം എന്ന നിലയിലാണ് വനമേഖലയിൽ അഭയം തേടിയത്. ഇവരുടെ മൊബൈൽ ഫോണുകളും പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് മുമ്പും ശേഷവും ഇവർ വിളിച്ച ആളുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. വാട്സ് അപ്പ് ചാറ്റുകൾ, ഷാജഹാന് സംഘത്തിലുള്ളവർ അയച്ച ഭീഷണി സന്ദേശങ്ങൾ എന്നിവയിലും പരിശോധന നടക്കുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ ആളുകളെ പ്രതി ചേർക്കേണ്ട സാഹചര്യവും പൊലീസ് വിശദമായ പരിശോധിക്കും.
പാലക്കാട് ഡിവൈഎസ്പി കെ വി രാജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചു. രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്. കുന്നങ്കാട് സ്വദേശികളായ ശബരീഷ്(30), അനീഷ്(29), നവീൻ(28), ശിവരാജൻ(25), സിദ്ധാർഥൻ(24), സുജീഷ്(27), സജീഷ്(35), വിഷ്ണു(25) എന്നിവരെയാണ് പൊലീസ് പ്രതി ചേർത്തത്. ബിജെപി അനുഭാവികളായ പ്രതികൾ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് കൂട്ടം ചേർന്ന് കൊല്ലണമെന്ന ഉദ്ദേശത്തോടെ ഷാജഹാനെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഷാജഹാന്റെ വീടിന് സമീപത്തു തന്നെയാണ് പ്രതികളെല്ലാവരും താമസിക്കുന്നത്.