കൊവിഡിനെ തുടർന്ന് വിതരണ ശൃംഖലയിൽ നില നൽക്കുന്ന തടസ്സങ്ങളും, കഠിനമായ തണുപ്പുമാണ് രാജ്യത്ത് കോഴിമുട്ടകളുടെ ലഭ്യത കുറയാൻ ഇടയാക്കിയത്. ലഭ്യത കുറഞ്ഞത് കോഴിമുട്ടകളുടെ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്.
ഫ്രീ റേഞ്ച് കോഴി മുട്ടകൾക്കാണ് രാജ്യത്ത് പ്രധാനമായും ക്ഷാമം നേരിടുന്നത്. പ്രമുഖ സൂപ്പർമാർക്കറ്റുകളിലെ മുട്ട ഷെൽഫുകൾ പലതും ഒഴിഞ്ഞ് കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
സൂപ്പർമാർക്കറ്റ് ശൃംഖലയായ കോൾസ് കോഴിമുട്ടകൾ വാങ്ങുന്നതിന് പരിധി ഏർപ്പെടുത്തി. ഒരാൾക്ക് രണ്ട് കാർട്ടൺ മാത്രമാണ് കോൾസിൽ വാങ്ങാൻ സാധിക്കുക.
മറ്റൊരു സൂപ്പർ മാർക്കറ്റ് ശൃംഖലയായ വൂൾവർത്ത്സും മുട്ടകളുടെ ലഭ്യതയിൽ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് വ്യക്തമാക്കി. നിലവിൽ നിയന്ത്രണങ്ങൽ ഏർപ്പെടുത്തിയിട്ടില്ലെന്ന് അറിയിച്ച വൂൾവർത്ത്സ് വിതരണക്കാരുമായി ചേർന്ന് ലഭ്യത വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
രാജ്യത്തെ കോഴിമുട്ട ക്ഷാമം റസ്റ്ററൻറ് വ്യവസായത്തെ ബാധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ചില കഫേകൾ പ്രഭാത ഭക്ഷണത്തിൽ നൽകിയിരുന്ന മുട്ടകളുടെ എണ്ണം കുറച്ചു.
പ്രതിസന്ധിക്ക് കാരണം കോവിഡും ശൈത്യവും
കൊവിഡിനെ തുടർന്നുണ്ടായിരുന്ന നിയന്ത്രണങ്ങൾ ഉൽപ്പാദനം കുറക്കാൻ കാരണമായെന്നാണ് റിപ്പോർട്ടുകൾ. റസ്റ്റോറൻറുകളും കഫേകളും അടഞ്ഞ് കിടന്നത് മുട്ട ഉൽപാദനം കുറക്കാൻ കർഷകരെ പ്രേരിപ്പിച്ചു.
കൊവിഡ് ലോക്ഡൗൺ കാലത്ത് കോഴിമുട്ട വ്യവസായം ഹോസ്പിറ്റാലിറ്റി മേഖലയിൽ വലിയ വെല്ലുവിളി നേരിട്ടിരുന്നു. എന്നാൽ ചില്ലറ വിൽപ്പനകളിലുണ്ടായ കുതിച്ചു കയറ്റം ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ സഹായിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ജൂൺ മുതൽ അനുഭവപ്പെടുന്ന കഠിനമായ തണുപ്പും ഫ്രീ-റേഞ്ച് മുട്ടകളുടെ ഉൽപ്പാദനം കുറയാൻ ഇടയാക്കിയിട്ടുണ്ട്. കഠിനമായ തണുപ്പും, ഇടവിട്ടെത്തുന്ന മഴയും മുട്ടകോഴികളെ ബാധിച്ചുവെന്നാണ് ഉൽപ്പാദകർ പറയുന്നത്.
തുറന്ന സ്ഥലത്ത് വളർത്തുന്ന കോഴികളുടെ ഉൽപ്പാദന ശേഷിയെ കാലാവസ്ഥ വ്യതിയാനം ബാധിക്കുന്നതായും കർഷകർ ചൂണ്ടിക്കാട്ടി.
രാജ്യത്ത് നേരിടുന്ന മുട്ടക്ഷാമം നവംബർ- ഡിസംബർ മാസത്തോടെ പരിഹരിക്കപ്പെടുമെന്നാണ് സൂചന. എന്നാൽ കോഴിത്തീറ്റയുടെ ചെലവ്, ചരക്ക് കൂലി, വൈദ്യുതി നിരക്കിലുണ്ടായ വർദ്ധനവ്, പലിശ നിരക്ക് തുടങ്ങിയവയെല്ലാം മുട്ടകർഷകർക്ക് വെല്ലുവിളി ഉയർത്തുന്ന ഘടകങ്ങളാണ്.
ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യ ഭീതിയും കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ കൂടുതൽ മുട്ട ഉൽപാദിപ്പിച്ച് ചിലവ് വർദ്ധിപ്പിക്കുന്നതിലും നല്ലത് ഉൽപ്പാദനം കുറക്കുന്നതാണെന്നും മുട്ട ഉൽപ്പാദകർ പറയുന്നു.
കടപ്പാട്: SBS മലയാളം