കാസർകോട്> കേന്ദ്ര സർവകലാശാലയിൽ ചട്ടം മറികടന്ന് എബിവിപി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്റിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് ഹൈക്കോടതി തടഞ്ഞതിനുപിന്നാലെ, കൂടുതൽ അനധികൃത നിയമനം പുറത്തുവന്നു. ഗുജറാത്തിലെ ബിജെപി ഭരണമാതൃകയെ വാഴ്ത്തി ഗവേഷണം നടത്തിയ ആളെ മതിയായ യോഗ്യതയില്ലാതെ പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ അസോസിയറ്റ് പ്രൊഫസറാക്കിയെന്നാണ് പുതിയ പരാതി. ‘ഗുജറാത്ത് മോഡൽ ഓഫ് ഗവേർണൻസ്’ വിഷയത്തിൽ പഠനം നടത്തിയ ഡോ. ജി ദുർഗാറാവുവിനാണ് നിയമനം നൽകിയത്. യുജിസി ലിസ്റ്റുചെയ്ത പ്രസിദ്ധീകരണങ്ങളിൽ എട്ട് പ്രബന്ധം വന്നിരിക്കണമെന്ന ചട്ടം ദുർഗാറാവുവിന് ബാധകമായില്ല.
ഇദ്ദേഹത്തിന് മൂന്നെണ്ണമേയുള്ളൂ. അഭിമുഖ സമയത്ത് പിഎച്ച്ഡി അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നും ആക്ഷേപമുണ്ട്. 12 വർഷമായി ഗുജറാത്ത് കേന്ദ്ര സർവകലാശാലയിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ അസി. പ്രൊഫസറായ ഡോ. സോണി കുഞ്ഞപ്പനും ഈ തസ്തികയിൽ അഭിമുഖത്തിനുണ്ടായിരുന്നു. ഇവരെ തഴഞ്ഞാണ് നിയമനം നടന്നത്.
കാസർകോട് കേന്ദ്ര സർവകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗത്തിൽ 2015 വരെ അസോസിയറ്റ് പ്രൊഫസറായിരുന്ന ഡോ. ജിതയെ രാഷ്ട്രീയകാരണങ്ങളാൽ ഒഴിവാക്കിയെന്നും പരാതിയുണ്ട്. ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്റായിരുന്ന കെ ജയപ്രസാദിനെ നിയമിക്കാനാണ് ജിതയെ തഴഞ്ഞത്. ജിത ഇപ്പോൾ ചെമ്പഴന്തി കോളേജിലാണ്. മുൻ പ്രോ–- വിസിയും ഇപ്പോൾ ഡീനുമായ ജയപ്രസാദിന്റെ നിയമനത്തിനെതിരെ ജിത ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സർവകലാശാലയ്ക്കകത്ത് തീർപ്പാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.