ദുബായ്> 2023ല് നടക്കുന്ന ലോക റേഡിയോ കമ്മ്യൂണിക്കേഷൻ കോൺഫറൻസിന് ദുബായ് ആതിഥേയത്യം വഹിക്കും. 2023 നവംബർ 20നും ഡിസംബർ 15നും ഇടയിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. നാലു വർഷത്തിലൊരിക്കൽ നാല് ആഴ്ചകളിലായി നടക്കുന്ന കോൺഫറൻസിലാണ് റേഡിയോ ഫ്രീക്വൻസി സ്പെക്ട്രം, ജിയോ സ്റ്റേഷനറി സാറ്റലൈറ്റ്, നോൺ ജിയോ സ്റ്റേഷനറി സാറ്റലൈറ്റ് ഭ്രമണപഥങ്ങൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്ന ഉടമ്പടികൾ പരിഷ്കരിക്കപ്പെടുന്നത്.
സാങ്കേതികവിദ്യ കൊണ്ടുവരുന്ന സാമ്പത്തിക അവസരങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ കൈവരിക്കുന്നതെന്ന് ഇൻറർനാഷണൽ ടെലി കമ്മ്യൂണിക്കേഷൻ യൂണിയൻ ബ്യൂറോ ഡയറക്ടർ മാരിയോ മണിവിച്ച്സൺ പറഞ്ഞു. ഇൻറർനാഷണൽ ടെലി കമ്മ്യൂണിക്കേഷൻ യൂണിയന്റെ 193 അംഗരാജ്യങ്ങളിൽ നിന്ന് നാലായിരത്തിലധികം പ്രതിനിധികൾ ഈ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇവർക്ക് പുറമേ നിരീക്ഷകരായി കമ്മ്യൂണിക്കേഷൻ മേഖലയിലെ അംഗങ്ങളുടെ പ്രതിനിധികൾ, ഉപകരണ നിർമ്മാതാക്കൾ, ടെലി കമ്മ്യൂണിക്കേഷൻ കമ്പനികൾ, നെറ്റ് വർക്ക് ഓപ്പറേറ്റർമാർ, അന്താരാഷ്ട്ര സംഘടനകൾ, വ്യവസായ ഫോറങ്ങൾ, ഇൻറർ ഗവൺമെൻറ് ഓർഗനൈസേഷൻ പ്രതിനിധികൾ, സാറ്റലൈറ്റ് സിസ്റ്റങ്ങൾ പ്രവർത്തിപ്പിക്കുന്ന അക്കാദമിയുടെ പ്രതിനിധികൾ എന്നിവരെല്ലാം പങ്കെടുക്കും. കോൺഫറൻസിന് മുന്നോടിയായി 2023 നവംബർ 13 മുതൽ 17 വരെ റേഡിയോ കമ്യൂണിക്കേഷൻ അസംബ്ലിയും നടക്കും.