ദുബായ്> അമിതമായ വിലക്കയറ്റം മൂലം ജീവിത ചെലവ് താങ്ങാൻ കഴിയാതെ പ്രവാസികൾ വലയുന്നു. കോവിഡ് മഹാമാരി പടർന്നു പിടിച്ചതോടെ സാമ്പത്തികമായി തകർന്ന പല പ്രവാസികളും നാട്ടിലേക്ക് കുടിയേറിയിരുന്നു എങ്കിലും പലർക്കും ജീവിത ചെലവ് കണ്ടെത്തുന്നതിന് കഴിഞ്ഞിരുന്നില്ല. നിലവിൽ ഇവിടങ്ങളിലെ ജീവിത ചെലവ് മൂന്നിരട്ടിയും നാലിരട്ടിയുമായി വർദ്ധിക്കുകയും കിട്ടുന്ന ശമ്പളം കൊണ്ട് മാസച്ചിലവുകൾ തികയ്ക്കാൻ പോലും സാധിക്കാതെ പ്രവാസികൾ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയുമാണ്. ഒന്നര ദിർഹം ഉണ്ടായിരുന്ന കുബ്ബൂസിന് ഇപ്പോൾ മൂന്നു ദിർഹം ആണ് വില. 10 ദിർഹത്തിന് ഒരു മന്ന് (നാല് കിലോ) മത്തി ലഭിച്ചിരുന്ന സ്ഥലത്ത് ഇപ്പോൾ 30 ദിർഹമാണ് കൊടുക്കേണ്ടി വരുന്നത്. പച്ചക്കറി, പലവ്യഞ്ജനം, ഹോട്ടൽ ഭക്ഷണം എന്നിങ്ങനെ എല്ലാ മേഖലയിലും വിലക്കയറ്റം രൂക്ഷമായി.
ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ഇന്ധന വില മൂന്നിരട്ടിയോളമാണ് ഇവിടങ്ങളിൽ വർദ്ധിച്ചിട്ടുള്ളത്. ഒരു സലൂൺ കാറിൽ ഒരു ഫുൾ ടാങ്ക് പെട്രോൾ അടിക്കുന്നതിന് 60 മുതൽ 65 ദിർഹം വരെ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 130 മുതൽ 140 ദിർഹം വരെയാണ് കൊടുക്കേണ്ടത്. സെയിൽസിൽ ജോലി ചെയ്യുന്ന പലർക്കും ഇന്ധന വിലയിലുണ്ടായ വർദ്ധന മൂലം കിട്ടുന്ന ശമ്പളത്തിന്റെ മുക്കാൽ ഭാഗവും ഇന്ധന ചിലവിനത്തിലേക്ക് നീക്കി വയ്ക്കേണ്ടതായി വരുന്നു. പെട്രോൾ ഡീസൽ വില വർദ്ധിച്ചതോടെ ടാക്സി ചാർജും കൂടി. ഇതുമൂലം സാധാരണക്കാർക്ക് ഇപ്പോൾ ടാക്സി എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിച്ചിരിക്കുകയാണ്. വീക്കെന്റുകളിൽ കുടുംബസമേതം പുറത്തേക്ക് പോയിരുന്ന പലരും ഇപ്പോൾ യാത്രകൾ ഒഴിവാക്കി വീട്ടിനുള്ളിൽ തന്നെ കഴിയുകയാണ്.
ഇന്ധന വില വർദ്ധന മൂലം ജീവിത ചിലവ് ക്രമാതീതമായി വർദ്ധിച്ചു എങ്കിലും ശമ്പളത്തിൽ മാത്രം യാതൊരു വർധനവും സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഉണ്ടാകുന്നില്ല. പലരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുന്ന സ്ഥിതിയും നിലനിൽക്കുന്നുണ്ട്. ഇതുമൂലം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക പ്രയാസം മാത്രമല്ല മാനസികമായ കടുത്ത പിരിമുറുക്കവും അനുഭവപ്പെടുന്നുണ്ട്. വർദ്ധിച്ച ജീവിത ചിലവിന്റെ ഭാഗമായി ഒരുപാട് കുടുംബങ്ങളാണ് ഇപ്പോൾ നാട്ടിലേക്ക് കുടിയേറി കൊണ്ടിരിക്കുന്നത്. ഇവിടെ പഠിക്കുന്ന കുട്ടികളിൽ പലരും പഠനം മതിയാക്കി നാട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.
പണപ്പെരുപ്പത്തിന്റെ ആഘാതം നികത്തുന്നതിന് ആവശ്യമായ പിന്തുണ കമ്പനികൾ നൽകിയില്ലെങ്കിൽ തൊഴിലാളികളുടെ ഉത്പാദനക്ഷമതയെ അത് കാര്യമായി ബാധിക്കുമെന്നും ഇത് സാമ്പത്തിക മേഖലയ്ക്ക് കനത്ത ആഘാതം ഉണ്ടാക്കുമെന്നും സാമ്പത്തിക ഏജൻസികൾ വിലയിരുത്തുന്നു. പല കമ്പനികളും വർക്ക് ഫ്രം ഹോം എന്ന നില തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. കമ്പനികളെ സംബന്ധിച്ചിടത്തോളം ഇത് ലാഭകരമായ ഒന്നാണ്. ഏഴുമണിക്കൂറും എട്ടു മണിക്കൂർ മാത്രം ഓഫീസിലിരുന്ന് ജോലി ചെയ്യുന്നതിന് പകരം 12 മുതൽ 14 മണിക്കൂറുകൾ വരെയാണ് ഇപ്പോൾ പലരും ജോലി ചെയ്യുന്നത്. പണപ്പെരുപ്പത്തിന്റെ ആഘാതം യുഎഇയുടെ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പ്രത്യേകം പഠനങ്ങൾ നടക്കുകയാണ്. നിലവിലുള്ള സാഹചര്യം ഒരു ചെറിയ ഇടവേളയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല എന്നും ഇത് തുടർന്നു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയ ആകാൻ സാധ്യതയുണ്ട് എന്നും മനസ്സിലാക്കി അതിനെ നേരിടുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാക്കുന്നതിനും ഉള്ള മാർഗങ്ങൾ സാമ്പത്തിക രംഗത്തെ വിദഗ്ധർ ആലോചിച്ചു കൊണ്ടിരിക്കുകയാണ്.
ലോകരാജ്യങ്ങളിൽ മെച്ചപ്പെട്ട ജീവിത നിലവാരവും സാമ്പത്തിക ക്രമീകരണവും ഉള്ള രാജ്യങ്ങളിൽ ഒന്നാണ് യു എ ഇ. അതുകൊണ്ടുതന്നെ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് എങ്ങിനെ മെച്ചപ്പെട്ട ഒരു സാമ്പത്തിക സ്ഥിതി കെട്ടിപ്പടുക്കാം എന്ന ആലോചനയിലാണ് ബന്ധപ്പെട്ട അധികാരികൾ. പണപ്പെരുപ്പത്തിന്റെ ആഘാതം നികത്താൻ യുഎഇ കമ്പനികൾ ജീവനക്കാർക്ക് പണപ്പെരുപ്പ അലവൻസുകൾ പരിഗണിക്കുന്നു. ഉയർന്ന ഇന്ധനം, ഭക്ഷണം, വാടക നിരക്കുകൾ എന്നിവ കാരണം പണപ്പെരുപ്പം വർദ്ധിക്കുന്നതിനാൽ, ഇന്ധന ബില്ലുകൾ കുറയ്ക്കാൻ സഹായിക്കുന്നതിനും അധിക നൈപുണ്യത്തിൽ പരിശീലനവും വികസനവും നൽകുന്നതിനും ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാമെന്നും അഭ്യർത്ഥിക്കണമെന്നും റിക്രൂട്ട്മെന്റ് കൺസൾട്ടൻറുകൾ നിർദ്ദേശിച്ചു.
കഠിനമായ സാമ്പത്തിക കാലത്ത് പ്രൊമോഷനുകൾക്കും ഇൻക്രിമെന്റുകൾക്കുമുള്ള അവരുടെ സാധ്യതകൾ. പണപ്പെരുപ്പം മറികടക്കാൻ ജീവനക്കാരെ സഹായിക്കുന്നതിനായി യുഎഇയിലെ കമ്പനികൾ ഇപ്പോഴും പണപ്പെരുപ്പവുമായി ബന്ധപ്പെട്ട അലവൻസിനെക്കുറിച്ച് ആഭ്യന്തരമായി ചർച്ച ചെയ്യുന്നുണ്ടെന്ന് ആഗോള റിക്രൂട്ട്മെന്റ് സ്ഥാപനമായ അഡെക്കോ മിഡിൽ ഈസ്റ്റിലെ സെയിൽസ് ഡയറക്ടർ വിനീത് മെഹ്റ പറഞ്ഞു. ഉയർന്ന എണ്ണയുടെയും ഭക്ഷ്യവസ്തുക്കളുടെയും വിലകൾ കാരണം ലോകമെമ്പാടും ഉണ്ടാകുന്ന പണപ്പെരുപ്പത്തിന്റെ വർദ്ധനവിനെതിരെ അവരെ പിന്തുണയ്ക്കുന്നതിനായി യുഎഇ സർക്കാർ അടുത്തിടെ താഴ്ന്ന വരുമാനക്കാരായ പൗരന്മാർക്ക് പണപ്പെരുപ്പ അലവൻസ് അവതരിപ്പിച്ചു. ഈ സോഷ്യൽ സപ്പോർട്ട് പ്രോഗ്രാമിന്റെ ഭാഗമായി, സർക്കാർ ബജറ്റ് ഇരട്ടിയാക്കി 28 ബില്യൺ ദിർഹമായി വർദ്ധിപ്പിച്ചു. ഈ പദ്ധതി പ്രകാരം യുഎഇ പൗരന്മാർക്ക് ഇന്ധനം, വെള്ളം, വൈദ്യുതി, ഭക്ഷണം എന്നിവയ്ക്കുള്ള അലവൻസുകൾ ലഭിക്കും.