പത്തനാപുരം> ലൈസൻസ് ടെസ്റ്റിന്റെ ഭാഗമായി വാഹനം ഓടിക്കുന്നതിടയിൽ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പത്തനാപുരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ എസ് വിനോദിനെതിരെയാണ് നടപടി.
വാഹനം ഓടിച്ചുകാണിക്കണമെന്ന് ആവശ്യപ്പെട്ട് വാഹനത്തിൽ പോയപ്പോൾ പത്തനാപുരം–- ഏനാത്ത് റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് യുവതിക്കുനേരെ അതിക്രമം കാട്ടിയെന്നാണ് പരാതി. വാഹനത്തിൽ മറ്റാരുമില്ലായിരുന്നു എന്നും പരാതിയിൽ പറയുന്നു. ജൂൺ 19നു നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. തുടർന്നാണ് വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തത്. കൊല്ലം വെഹിക്കിൾ ഇൻസ്പെക്ടർ ആയിരിക്കെ 2017ൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനിടെ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വിനോദിനെ മുമ്പും സസ്പെൻഡ് ചെയ്തിട്ടുണ്ട്.















