ഓസ്‌ട്രേലിയയിൽ നഴ്‌സിംഗ് ജീവനക്കാരുടെ ക്ഷാമം കൂടുതൽ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്.
ആവശ്യത്തിന് അനുസൃതമായുള്ള നിയമനം നടക്കുന്നില്ല എന്ന് ഓസ്‌ട്രേലിയൻ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ഫെഡറേഷൻ യൂണിയൻ (ANMF) പറഞ്ഞു.
ആരോഗ്യ രംഗത്ത് 8000 നഴ്‌സുമാരുടെയെങ്കിലും കുറവ് നേരിടുന്നതായി ഓസ്‌ട്രേലിയൻ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ഫെഡറേഷൻ യൂണിയൻ ചൂണ്ടിക്കാട്ടി.
ഇത് പൊതുവായുള്ള വിലയിരുത്തലാണെന്നും, ശരിയായ കണക്ക് ഇതിലും ഏറെ കൂടുതലാകാനാണ് സാധ്യതയെന്നും യൂണിയൻ വ്യക്തമാക്കി.
ഓരോ വർഷവും കൂടുതൽ നഴ്‌സുമാർ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും, ആവശ്യത്തിന് അനുസൃതമായുള്ള നിയമനം നടക്കുന്നില്ല എന്ന് യൂണിയൻ പറഞ്ഞു.
ആരോഗ്യ മേഖലയിൽ ഇതിലും കൂടുതൽ ജീവനക്കാരെ ആവശ്യമായി വരുമെന്ന് ANMF ന്റെ ഫെഡറൽ സെക്രട്ടറി ആനി ബട്ട്‌ലർ വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നഴ്സിംഗ് ജോലിക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങളുടെ എണ്ണം ഇരട്ടിയായതായി ആനി ബട്ട്‌ലർ ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയയിൽ നഴ്‌സിംഗ് രംഗത്തുള്ള ജീവനക്കാരുടെ ആവശ്യകത ആസ്പദമാക്കിയുള്ള മോഡലിംഗ് 2014ലായിരുന്നു പുറത്ത് വിട്ടത്.
ഹെൽത്ത് വർക്ക്ഫോഴ്സ് ഓസ്‌ട്രേലിയ വികസിപ്പിച്ച മോഡലിംഗിൽ 2025-ഓടെ രാജ്യത്ത് 85,000 നഴ്‌സുമാരുടെ കുറവുണ്ടാകുമെന്നാണ് പ്രവചനം.
2030-ഓടെ 1,23,000 നഴ്‌സുമാരുടെ കുറവാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ ഇതിനനുസൃതമായി രംഗത്ത് കൂടുതൽ ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ ഉണ്ടായിട്ടില്ല എന്ന് ആനി ബട്ട്‌ലർ കുറ്റപ്പെടുത്തി.
കൊവിഡ് പ്രതിസന്ധിക്ക് ഏറെ മുൻപാണ് ഈ മോഡലിംഗ് പുറത്ത് വിട്ടിരിക്കുന്നത്.
കൊവിഡ് നഴ്‌സുമാരുടെ ക്ഷാമം കൂടുതൽ രൂക്ഷമാക്കിയിരിക്കുന്നതായും യൂണിയൻ ചൂണ്ടിക്കാട്ടി.
കൊവിഡ് മൂലം പ്രതിസന്ധി കൂടുതൽ രൂക്ഷമായിരുക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് നഴ്‌സിംഗ് രംഗത്തേയ്ക്ക് കൂടുതൽ ജീവനക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ പല പദ്ധതികളും വിവിധ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വിക്ടോറിയയിൽ വിദേശത്ത് നിന്നുള്ള ജീവനക്കാർക്ക് ഉൾനാടൻ മേഖലകളിൽ ജോലി ലഭിക്കുന്ന സാഹചര്യത്തിൽ 13,000 ഡോളർ റീലൊക്കേഷൻ അലവൻസ് ലഭ്യമാണ്.
നഗര പ്രദേശങ്ങളിൽ ജോലി ലഭിക്കുന്നവർക്ക് 10,000 ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ക്വീൻസ്‌ലാന്റ് ആരോഗ്യ വകുപ്പും വിദേശത്ത് നിന്നുള്ള ജീവനക്കാർക്ക് റീലൊക്കേഷൻ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
ആശ്രിതരുടെ യാത്രാ ചെലവും, വിസ, രജിസ്ട്രേഷൻ ചെലവുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
എന്നാൽ കൂടുതൽ ജീവനക്കാരെ നിയമിക്കുന്ന വിഷയത്തിൽ സംസ്ഥാനങ്ങളും ടെറിട്ടറികളും തമ്മിലുള്ള കടുത്ത മത്സരം ചില പ്രദേശങ്ങളെ പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ടെന്ന് ആനി ബട്ട്‌ലർ പറഞ്ഞു.
ടാസ്മേനിയ പോലെയുള്ള ചെറു സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കാമെന്നാണ് ബട്ട്‌ലറുടെ ആശങ്ക.
അതെസമയം, രജിസ്റ്റർ ചെയ്ത ശേഷം പ്രാക്ടീസ് ചെയ്യാത്ത നഴ്സുമാരുടെയും മിഡ്‌വൈഫുമാരുടെയും എണ്ണം വർദ്ധിച്ചതായും 2021 ലെ കണക്കുകൾ വെളിപ്പെടുത്തുന്നു.
അഞ്ച് വർഷത്തിനുള്ളിൽ 63 ശതമാനം വർദ്ധിച്ചതായാണ് ചൂണ്ടിക്കാട്ടുന്നത്. വിക്ടോറിയയിൽ 85 ശതമാനമായി ഉയർന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കടപ്പാട്: SBS മലയാളം
Follow this link to join ‘ഓസ് മലയാളം’ WhatsApp group: OZMALAYALAM WhatsApp Group 3