ഷില്ലോങ്> പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയടക്കം ഉൾപ്പെടുത്തി പെൺവാണിഭകേന്ദ്രം നടത്തിയ കേസിൽ ബിജെപി സംസ്ഥാന വെെസ് പ്രസിഡന്റ് ഉൾപ്പെട്ടതോടെ മേഘാലയയിലെ ബിജെപി ഉൾപ്പെടുന്ന ഭരണകക്ഷിയായ മേഘാലയ ഡെമോക്രാറ്റിക് മുന്നണിയിൽ വിള്ളൽ. വെസ്റ്റ് ഗാരോ ജില്ലയിലെ ടുറയിൽ ബിജെപി മേഘാലയ വെെസ് പ്രസിഡന്റായ ബെർണാഡ് എൻ മരാക് (റിമ്പു) ന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നടന്ന പരിശോധനയിലാണ് പെൺവാണിഭ സംഘം പിടിയിലായത്. സംഭവത്തിൽ 73 പേരെ അറസ്റ്റു ചെയ്തെങ്കിലും മുഖ്യപ്രതി റിമ്പു ഒളിവിലാണ്.
അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നും റിമ്പു നിരപരാധിയാണെന്നുമാണ് ബിജെപി പറയുന്നത്. മേഘാലയയിൽ എൻപിപി നേതാവ് കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള മേഘാലയ ഡെമോക്രാറ്റിക് അലയൻസിന്റെ ഭാഗമാണ് ബിജെപിയും. റിമ്പുവിനെ ബിജെപി പ്രവർത്തകർ സംരക്ഷിക്കുന്നെന്ന് എൻപിപി പ്രവർത്തകർ ആരോപിക്കുന്നു. അതേസമയം, റിസോർട്ടിൽ താമസിച്ചിരുന്നവർ അതിഥികളായി എത്തിയ കുടുംബങ്ങളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഏണസ്റ്റ് മാവ്രി പറഞ്ഞു. ഭീകരസംഘടനയായിരുന്ന അച്ചിക് നാഷണൽ വോളണ്ടറി കൗൺസിൽ (ബി) അംഗമായിരുന്ന മരാക് പിന്നീടാണ് ബിജെപിയിൽ ചേർന്നത്.